വിദ്യാഭ്യാസ വകുപ്പ് പിടിമുറുക്കുന്നു
കണ്ണൂര്‍: ജില്ലയിലെ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പരിശോധനയും കണക്കെടുപ്പും നടത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശമുയര്‍ന്നത്.
അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ഥികളെ ചേര്‍ക്കുന്നതായി പലരും യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പക്കല്‍ ഇതുസംബന്ധിച്ച കണക്കുകളില്ല. രക്ഷിതാക്കള്‍ക്ക് ഇത്തരം സ്‌കൂളുകള്‍ അംഗീകാരമുള്ളതാണോ എന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യവുമുണ്ട്.
അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അംഗീകാരം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ച് എ.ഇ.ഒമാര്‍ക്ക് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.
സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സ്‌കൂളുകളെ അംഗീകാരമില്ലാത്തവയായി കണക്കാക്കി പട്ടിക പ്രസിദ്ധപ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്ന് യോഗത്തില്‍ ധാരണയായി. ജൂണ്‍ 5ന് കണ്ണൂരില്‍ നടക്കുന്ന പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു. സംഘാടക സമിതി യോഗം 27ന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ കെ.പി ജയബാലന്‍, ഡി.ഡി.ഇ എം. ബാബുരാജ്, ഡി.ഇ.ഒമാര്‍, എ.ഇ.ഒമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."