മാവോയിസ്റ്റെന്ന പേരില്‍ പൊലിസ് പീഡനം നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരേയുള്ള അപ്പീല്‍ തള്ളി
കൊച്ചി: മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് കേരള പൊലിസിന്റെ തണ്ടര്‍ബോള്‍ട്ട് വിഭാഗം കസ്റ്റഡിയില്‍ പീഡിപ്പിച്ച യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നഷ്ടപരിഹാര തുകയായ ഒരു ലക്ഷം രൂപയും കോടതി ചെലവിനായി 10,000 രൂപയും രണ്ടു മാസത്തിനുള്ളില്‍ ഹരജിക്കാരനു നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹരജി തള്ളിയത്.
ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ മകന്‍ ശ്യാം ബാലകൃഷ്ണനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് സിംഗിള്‍ ബെഞ്ച് 2015 മെയ് 22ന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നത്. സംശയാസ്പദമായ നിലയില്‍ ആരെയെങ്കിലും കണ്ടെത്തിയെന്നതുകൊണ്ടു ഭരണഘടനാ മൂല്യങ്ങള്‍ ഇല്ലാതാവില്ലെന്നും ഉത്തരവില്‍ പറയുന്നു.
ക്രിമിനല്‍ നടപടി നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് യുവാവിനെ അന്യായമായി കസ്റ്റഡിയില്‍ വച്ചതിലൂടെ നടന്നിട്ടുള്ളത്. ഭരണ ഘടന വ്യക്തിക്ക് നല്‍കുന്ന സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യവും പൊലിസ് ഇല്ലാതാക്കി. യുവാവിന്റെ വീട് പരിശോധിക്കുമ്പോള്‍ പാലിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തി. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഹരജിക്കാരനെ കസ്റ്റഡിയിലെടുത്തത് സംശയത്തെ തുടര്‍ന്നാണെന്നു സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ബോധിപ്പിച്ചു. ഹരജിക്കാരന്‍ പിടിക്കപ്പെട്ട സ്ഥലം മാവോയിസ്റ്റുകളുടെ കേന്ദ്രമെന്നറിയപ്പെടുന്ന പ്രദേശമാണ്. പൊലിസ് ചെയ്തത് ശരിയായ നിലയിലുള്ള അവരുടെ കര്‍ത്തവ്യം മാത്രമാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി ബോധിപ്പിച്ചു.
2014 മെയ് 20നു ശ്യാം ബാലകൃഷ്ണനും ജീവിത പങ്കാളിയുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മഫ്തിയിലെത്തിയ രണ്ടു പൊലിസുകാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനു ശേഷം തണ്ടര്‍ബോര്‍ട്ട് വിഭാഗം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി ലാപ്‌ടോപും ചില പുസ്തകങ്ങളും പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."