സംസം എത്തിയില്ല; ആശങ്കയുയര്‍ത്തി എയര്‍ ഇന്ത്യയുടെ സര്‍ക്കുലര്‍
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയില്‍നിന്ന് സംസം ജലം കരിപ്പൂരിലും നെടുമ്പാശേരിയിലും നേരിട്ട് എത്തിക്കുന്നതില്‍ ആശങ്ക. രണ്ടു ദിവസങ്ങളിലായി സഊദിയുടെ അഞ്ച് ഹജ്ജ് വിമാനങ്ങള്‍ ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തിയിട്ടും സംസം കൊണ്ടുവന്നിട്ടില്ല. നെടുമ്പാശേരിയിലേക്കും ഹൈദരാബാദിലേക്കും എയര്‍ഇന്ത്യാ വിമാനങ്ങളില്‍ സെപ്റ്റംബര്‍ 15 വരെ സംസം എത്തിക്കാനാവില്ലെന്ന ശ്രുതിയും പരന്നതോടെയാണ് ആശങ്കയുണ്ടായത്.
ട്രാവല്‍ ഏജന്റുമാര്‍ക്കു നല്കിയ സര്‍ക്കുലറിലാണു സെപ്റ്റംബര്‍ 15 വരെ സഊദി അറേബ്യയിലെ ജിദ്ദയില്‍നിന്നു പുറപ്പെടുന്ന വിമാനങ്ങളില്‍ സംസം വെള്ളമടങ്ങിയ കാനുകള്‍ കയറ്റാനാവില്ലെന്ന് എയര്‍ഇന്ത്യ വ്യക്തമാക്കിയത്. കഴിഞ്ഞ നാലിനാണ് എയര്‍ഇന്ത്യ സെയില്‍സ് വിഭാഗം ഉത്തരവിറക്കിയത്. സീറ്റുകളുടെ പരിമിതി കാരണമാണു സംസം വെള്ളം കൊണ്ടുവരാന്‍ കഴിയില്ലെന്നു നിലപാടെടുത്തതെന്നും എയര്‍ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേരളത്തില്‍ നിന്നടക്കം തീര്‍ഥാടകര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ എയര്‍ഇന്ത്യ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നു ട്രാവല്‍ ഏജന്‍സികളും തീര്‍ഥാടകരും പറയുന്നു.
മുന്‍കാലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് 10 ലിറ്റര്‍ സംസം ജലം നേരിട്ട് കൊണ്ടുവരാമായിരുന്നു. എന്നാല്‍ പിന്നീട് ഓരോ തീര്‍ഥാടകനും അഞ്ച് ലിറ്റര്‍ സംസം നല്കുന്ന രീതിയാക്കി. ഇവ വിമാന കമ്പനികള്‍ തന്നെ നേരിട്ട് എത്തിക്കുകയാണ് ചെയ്തിരുന്നത്. ജിദ്ദയില്‍നിന്ന് കാലിയായി കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളിലേക്ക് പറക്കുന്ന ഹജ്ജ് വിമാനങ്ങളില്‍ സംസം മുന്‍കൂട്ടി എത്തിച്ച് ഹജ്ജ് കമ്മിറ്റിയെ ഏല്‍പ്പിക്കുകയാണ് വിമാന കമ്പനികള്‍ ചെയ്തിരുന്നത്. ഇവ സൂക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ സൗകര്യവും ഒരുക്കും. ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന വേളയിലാണ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ സംസം വിതരണം ചെയ്യുക.
കരിപ്പൂരില്‍ സര്‍വിസ് തുടങ്ങി രണ്ടുദിവസം കഴിഞ്ഞിട്ടും ആദ്യ വിമാനങ്ങളില്‍ സംസം എത്താതിരുന്നതിലാണ് ഹജ്ജ് കമ്മിറ്റിക്കും ആശങ്കയുണ്ടായത്.
എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഹജ്ജ് സര്‍വിസ് പൂര്‍ത്തിയാവുന്നതിന് മുന്‍പായി സംസം കരിപ്പൂരിലും നെടുമ്പാശേരിയിലും എത്തിക്കുമെന്നും സഊദി എയര്‍ലൈന്‍സിന്റെയും എയര്‍ഇന്ത്യയുടെയും പ്രതിനിധികള്‍ പറഞ്ഞു.
വരും ദിവസങ്ങളിലെ വിമാനങ്ങളില്‍ ഇവ എത്തിക്കും. ഹജ്ജ് സര്‍വിസ് വര്‍ഷങ്ങളായി മികച്ച രീതിയിലാണെന്നും നിലവിലെ പ്രശ്നം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹജ്ജ് സര്‍വിസുകള്‍ക്ക് ബാധകമാവില്ലെന്നും എയര്‍ഇന്ത്യ അധികൃതരും പറഞ്ഞു. സംസം വിമാന കമ്പനികള്‍ എത്തിക്കുമെന്ന് അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."