ഹൈറേഞ്ചില്‍ 'ഹൈടെന്‍ഷന്‍'; മണ്ണും പട്ടയവും ഷോക്കടിപ്പിക്കും
സ്വന്തം ലേഖകന്‍
തൊടുപുഴ: അരങ്ങില്‍ ഭൂപ്രശ്‌നം മുതല്‍ പട്ടയം വരെ, അണിയറയില്‍ ന്യൂനപക്ഷ ധ്രുവീകരണം മുതല്‍ ഗ്രൂപ്പിസത്തിന്റെ കുതികാല്‍വെട്ട് വരെ. കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ എല്‍.ഡി.എഫ് പ്രവേശത്തിന്റെ ഗുണവും ദോഷവും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ ഗതിവിഗതികള്‍ മാറിയ ഇടുക്കിയുടെ മനസ് തിരിച്ചറിയാനാകാതെ കുഴങ്ങുകയാണ് മുന്നണികള്‍. എത്ര കൂട്ടിയാലും കിഴിച്ചാലും കൃത്യമായ ഉത്തരം കിട്ടുന്നില്ല. ജില്ലാ പഞ്ചായത്തില്‍ ഇക്കുറിയും യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടാകുമെന്ന കാര്യത്തില്‍ ഏകാഭിപ്രായമാണ്. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നേറാന്‍ സാധ്യതയുണ്ട്.
മണ്ണും പട്ടയവും ചര്‍ച്ച ചെയ്യാത്ത ഒരു തെരഞ്ഞെടുപ്പും ഇടുക്കി ജില്ലയ്ക്കില്ല. ഇവ തന്നെയാണ് മലയോര ജില്ലയുടെ രാഷ്ട്രീയ മനസിനെ സ്വാധീനിക്കുന്നതും വിധിക്കുന്നതും. അതിനാല്‍ തന്നെ ഭൂപ്രശ്‌നങ്ങളില്‍ മര്‍മമറിഞ്ഞേ രാഷ്ട്രീയക്കാര്‍ ഇവിടെ അഭിപ്രായ പ്രകടനത്തിനുപോലും മുതിരൂ. ചെറിയൊരു ട്വിസ്റ്റ് മതി എല്ലാം മാറിമറിയാന്‍. ഇടുക്കിയുടെ മനസറിഞ്ഞ് തെരഞ്ഞെടുപ്പ് സീസണില്‍ വിത്തെറിയുന്നവന്‍ വിജയം കൊയ്യും. ഭൂപ്രശ്‌നങ്ങളില്‍ പ്രതിക്കൂട്ടിലാകുന്നവര്‍ വീണുകിടന്നു ഉരുളുന്നത് തെരഞ്ഞെടുപ്പുകാല കാഴ്ചയാണിവിടെ.
ഭൂവിനിയോഗ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളും പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ഭൂപതിവ് ചട്ടഭേദഗതി ആവശ്യം ത്രിശങ്കുവില്‍ നില്‍ക്കുന്നതുമാണ് ഇത്തവണ ഇടതിന്റെ നെഞ്ചിടിപ്പ്. എന്നാല്‍, പട്ടയം വാരിക്കോരിക്കൊടുത്തെന്ന പ്രചാരണവും രാഷ്ട്രീയ മാറ്റങ്ങളുമാണ് യു.ഡി.എഫിന്റെ ആശങ്ക. പട്ടയഭൂമി പാര്‍പ്പിടാവശ്യത്തിനും കൃഷിക്കും കര്‍ഷകന്റെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങളിലെ കാലികമായ ഇടപെടലാണ് മലയോരത്തെ സ്ഥാനാര്‍ഥികളുടെ തുറുപ്പുചീട്ട്. ഇതിനു സാധിക്കാതെ വന്നാല്‍ അക്കൂട്ടരെ കൈവിടുന്ന പാരമ്പര്യമാണ് ഇടുക്കിയുടേത്. സാധാരണക്കാരനു പതിച്ചുകിട്ടിയ ഭൂമിയില്‍ വീടൊഴികെ മറ്റു നിര്‍മാണങ്ങള്‍ സാധ്യമല്ലെന്ന ഭൂപതിവുചട്ടം അടിയന്തരമായി ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് ഈ തെരഞ്ഞെടുപ്പുകാലത്ത് ഉയരുന്നത്. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിലുണ്ടാകുന്ന അലംഭാവം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ ഇല്ലയോ എന്നതാണ് ഉയരുന്ന ചോദ്യം. കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഹൈറേഞ്ച് സംരക്ഷണ സമിതി ഇക്കാര്യത്തില്‍ മൗനം തുടരുന്നതും പ്രതിപക്ഷത്തിന്റെ ആയുധമാണ്. ഭൂപതിവു പ്രശ്‌നം ഉന്നയിച്ച് ഈയിടെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും പ്രക്ഷോഭ പാതയിലാണ്. ഇതു വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
കസ്തൂരിരംഗന്‍ വിഷയത്തില്‍ അന്നത്തെ സര്‍ക്കാരിനും എം.പിക്കുമെതിരേ രംഗത്തുവന്ന വ്യാപാരികളില്‍ ഭൂരിഭാഗവും ഇപ്പോഴത്തെ സര്‍ക്കാരിനെതിരേയും രംഗത്തുണ്ടണ്ട്. ഷോപ് സൈറ്റുകള്‍ക്കു പട്ടയം നല്‍കാന്‍ നിയമഭേദഗതി കൊണ്ടണ്ടുവരണമെന്ന ആവശ്യത്തോടു സര്‍ക്കാര്‍ മുഖം തിരിച്ചതാണു വ്യാപാരികളെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."