രക്ഷിത് യാത്രയായി; ദുരിതകഥകള്‍ ഇനി 'ചന്ദ്രഗിരി' പറയും
ചെറുവത്തൂര്‍: ദുരിതങ്ങള്‍ക്കിടയില്‍ നിന്നു വേദനകളില്ലാത്ത ലോകത്തേക്ക് രക്ഷിത് യാത്രയായി. രക്ഷിതിന്റെ സങ്കടങ്ങള്‍ 'ചന്ദ്രഗിരി' എന്ന സിനിമയിലൂടെ ഇനി ലോകമറിയും.
ചെറുവത്തൂര്‍ വ്യാപാരഭവനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ. രാജേശ്വരയുടെയും ടി.കെ മഹിജയുടെയും മകനാണ് ഇരുപതുകാരനായ രക്ഷിത്.
ജനിച്ച നാള്‍തൊട്ട് പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന ബുദ്ധിവളര്‍ച്ചയില്ലാത്ത രോഗാവസ്ഥയിലായിരുന്നു രക്ഷിത്. അടുത്തിടെയാണ് ഈ വീട്ടിലേക്ക് 'ചന്ദ്രഗിരി' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം കൂടി പരാമര്‍ശിക്കുന്ന ചിത്രത്തില്‍ രക്ഷിതും കുടുംബവും തങ്ങളുടെ കഥ തന്നെ കാമറയ്ക്കു മുന്നില്‍ പറഞ്ഞു.
ചിത്രീകരണം കഴിഞ്ഞതു മുതല്‍ സിനിമയില്‍ തന്നെ കാണുന്ന ദിവസത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു രക്ഷിത്. ഇതിനിടയിലാണ് ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാനാകാതെ എല്ലാവരെയും കണ്ണീരണയിച്ച് രക്ഷിത് വിടവാങ്ങിയത്.
ഈ കുടുംബത്തിന്റെ വേദന നേരത്തെ 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മകന്റെ രോഗശമനത്തിനായി രക്ഷിതിന്റെ മാതാപിതാക്കള്‍ കയറിയിറങ്ങാത്ത ആശുപത്രികള്‍ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം നടന്ന എന്‍ഡോസള്‍ഫാന്‍ ക്യാംപിലും പ്രതീക്ഷയോടെ ഇവര്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."