ആലഞ്ചേരി വിമത വൈദികരുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: സിറോ മലബാര്‍ സഭയിലെ ആഭ്യന്തര കലഹങ്ങള്‍ തെരുവിലേക്ക് എത്തിയതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു. സമവായ നീക്കത്തിന്റെ ഭാഗമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചുമതലകളില്‍നിന്ന് നീക്കംചെയ്യപ്പെട്ട മെത്രാന്മാരായ ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ കര്‍ദിനാള്‍ ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ബിഷപ്പ് ഹൗസിലേക്ക് മടങ്ങിവരണമെന്ന് കര്‍ദിനാള്‍ ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍, പദവിയില്ലാതെ തിരിച്ചുവരാന്‍ തയാറല്ലെന്ന് ഇരുവരും കര്‍ദിനാളിനെ അറിയിച്ചതായാണ് വിവരം. മെത്രാന്മാരെ കര്‍ദിനാള്‍ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സഹായമെത്രാന്‍ പദവിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇരുവരും നിലവില്‍ അരമനയിലല്ല താമസിക്കുന്നത്. സഭാ സ്ഥാപനങ്ങളിലേക്ക് താമസം മാറ്റിയ ഇരുവരോടും തിരികെ വരണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ കര്‍ദിനാള്‍ ആവശ്യപ്പെട്ടു.
നിരുപാധികമായി സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ ബിഷപ്പ് ഹൗസിലേക്ക് മടങ്ങില്ലെന്നാണ് മെത്രാന്‍മാരുടെ നിലപാട്. എന്നാല്‍, ഇതില്‍ തീരുമാനമെടുക്കേണ്ടത് വത്തിക്കാനാണെന്ന് കര്‍ദിനാള്‍ മറുപടി നല്‍കി. കര്‍ദിനാളിന്റെ വാക്ക് വിശ്വസിച്ച് എത്തിയാല്‍ ബിഷപ്പ് ഹൗസിലെ അനധികൃത താമസക്കാരെന്ന് മുദ്രകുത്തപ്പെടുമെന്നും ഇരുവരും അറിയിച്ചു. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും സഭാ സ്ഥാപനങ്ങളിലേക്ക് തന്നെ മടങ്ങി.
വിമതവിഭാഗം വൈദികര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ ഇടവകകളില്‍ പ്രതിഷേധം ശക്തമായതോടെയാണ് സമവായ നീക്കം ഊര്‍ജിതമായത്. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മാര്‍ ജോസ് പുത്തന്‍വീട്ടിലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധക്കാര്‍ രംഗത്തുവന്നത്.
ആലഞ്ചേരിയുടെ മടങ്ങിവരവിനെക്കാള്‍ മെത്രാന്മാരെ അതിരൂപതാ ആസ്ഥാനത്തുനിന്ന് ഒറ്റരാത്രി കൊണ്ട് പുറത്താക്കിയ രീതിയിലാണ് വൈദികര്‍ക്ക് ശക്തമായ പ്രതിഷേധമുള്ളത്. ആലഞ്ചേരിയുടെ പ്രതികാര നടപടിയായാണ് അവരിതിനെ കാണുന്നത്. ഭൂമിവിവാദ കേസിലും വ്യാജരേഖാ കേസിലും കര്‍ദിനാളിനെതിരേ നിലപാട് എടുത്തവരായിരുന്നു സഹായമെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്തും ജോസ് പുത്തന്‍വീട്ടിലും.
സഹായമെത്രാന്മാരുടെ കാര്യത്തില്‍ എല്ലാവര്‍ക്കും യോജിപ്പിലെത്താവുന്നൊരു തീരുമാനം കൈക്കൊള്ളണമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സ്ഥിരം സിനഡില്‍ അഭിപ്രായമുയര്‍ന്നത്. പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ പുറത്താക്കിയ സഹായമെത്രാന്മാരെ തിരിച്ചുകൊണ്ടുവരികയാണ് വഴിയെന്ന് സിനഡില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലഞ്ചേരി വിമത വൈദികരുമായി കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."