നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ക്ക് തുടക്കമിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. 2021 ആദ്യപകുതിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മീണ ഇന്നലെ ഉന്നതതല യോഗം വിളിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ സുഗമമായി തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട സജ്ജീകരണങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായാണ് മീണ ചര്‍ച്ച നടത്തിയത്. പൊതുവിലുള്ള തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഒരുക്കങ്ങള്‍ക്കു പുറമെ, കൊവിഡ് സാഹചര്യത്തില്‍ വരാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ വിശദമായി ചര്‍ച്ച ചെയ്തു. കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. 16,000ഓളം ഓക്‌സിലറി ബൂത്തുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി ചെലവ്, മനുഷ്യവിഭവശേഷി എന്നിവ കൂടുതലായി വേണ്ടിവരും. ഇക്കാര്യങ്ങളിലെ സാധ്യതകളും പ്രായോഗികതകളും യോഗം ചര്‍ച്ച ചെയ്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായിവരുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തില്‍ വേണ്ടിവരുന്ന അധിക ക്രമീകരണങ്ങളെക്കുറിച്ചും സംസ്ഥാന പൊലിസ് മേധാവി വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അധികച്ചെലവുകള്‍ സംബന്ധിച്ച് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് നടത്തിപ്പിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തില്‍ സഹായത്തിന് പരിചയസമ്പന്നരായ കൂടുതല്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച അധികച്ചെലവുകള്‍ക്ക് സപ്ലിമെന്ററി ഫിനാന്‍സ് ഗ്രാന്റിന് അഭ്യര്‍ഥിക്കാന്‍ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാകുമെന്ന് യോഗം വിലയിരുത്തി.
ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലിസ് മേധാവിക്കും പുറമെ ധനകാര്യ അഡീ. ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: രാജന്‍ എന്‍. ഘോബ്രഗഡേ, എ.ഡി.ജി.പി ദര്‍വേശ് സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."