തകര്‍ന്ന കലുങ്ക് പുനര്‍നിര്‍മിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ തകര്‍ന്ന കലുങ്കിന്റെ കൈവരികള്‍ പൊതുമരാമത്ത് വകുപ്പ് പുനര്‍നിര്‍മിച്ചു. കലുങ്കിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നയിടത്ത് വാഹനയാത്രികര്‍ക്ക് അപകടസൂചന നല്കാന് നാട്ടുകാര്‍ ചുവന്ന ടീഷര്‍ട്ടും കാലിക്കുപ്പികളും കെട്ടിത്തൂക്കിയത് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
സംസ്ഥാന പാതയില്‍ കരിമ്പം ഫാമിനുളളില്‍ നിന്ന് ഒഴുകിയെത്തുന്ന തോടിന് കുറുകെ നിര്‍മിച്ച അരനൂറ്റാണ്ടിലേറെ പഴക്കമുളള കലുങ്കും അപകടാവസ്ഥയിലാണ്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ അപകട ഭീഷണിയുളള ഇവിടെ വീതികുറഞ്ഞ കലുങ്കിന്റെ സംരക്ഷണ ഭിത്തിയും തകര്‍ന്നിരിക്കുകയാണ്. പഴക്കമുളള സ്ലാബിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ ഭാഗത്തെ കമ്പികള്‍ ദ്രവിച്ച നിലയിലാണ്.
പി.ഡബ്ല്യു.ഡി പാലം വിഭാഗം കഴിഞ്ഞവര്‍ഷം നടത്തിയ പഠനത്തില്‍ തകര്‍ച്ചാ ഭീഷണിയുണ്ടെന്ന് കണ്ടത്തിയിരുന്നു.
വളരെക്കാലം മുന്‍പ് നിര്‍മിച്ച വീതികുറഞ്ഞ കലുങ്ക് അപകടാവസ്ഥയിലാണെന്നും ഈ ഭാഗത്തെ റോഡ് ഉള്‍പ്പെടെ വീതികൂട്ടി പുതിയ പാലം നിര്‍മിക്കണമെന്നും നാട്ടുകാരും സംഘടനകളും നിരവധി തവണ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.
ഈ ഭാഗം വീതികൂട്ടാനുളള ആലോചനകള്‍ നടക്കുന്നതായി പി.ഡബ്ല്യു.ഡി അധികാരികള്‍ നാട്ടുകാരെ അറിയിച്ചിരുന്നു. കൈവരികള്‍ പൊതുമരാമത്ത് വകുപ്പ് പുനര്‍നിര്‍മിച്ചതോടെ അപകടഭീതി കുറഞ്ഞെങ്കിലും റോഡ് വീതികൂട്ടി പുതിയപാലം നിര്‍മിക്കാനുളള നീക്കം അധികാരികളുടെ ഭാഗത്തു നിന്ന് ഉടന്‍ ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."