ചെലവ് ചുരുക്കലിനിടെ എ.കെ.ജി സ്മൃതി മ്യൂസിയത്തിന് സ്ഥലമെടുക്കാന്‍ നാലുകോടി കൂടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനുശേഷം സംസ്ഥാനം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ചെലവ് ചുരുക്കല്‍ പ്രഖ്യാപനത്തിലൊതുങ്ങുന്നു. എ.കെ.ജി സ്മൃതി മ്യൂസിയം സ്ഥാപിക്കാന്‍ കണ്ണൂരില്‍ ഭൂമി ഏറ്റെടുക്കുന്നതിന് നാലുകോടി രൂപയാണ് ഈ പ്രതിസന്ധി കാലത്ത് അധികമായി അനുവദിച്ചത്.
കണ്ണൂരിലെ പെരളശേരി പഞ്ചായത്തില്‍ മക്രേരി വില്ലേങ്കില് കോട്ടം പ്രദേശത്ത് എ.കെ.ജി സ്മൃതി മ്യൂസിയം സ്ഥാപിക്കാന്‍ 3.21 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിന് 6.83 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ ഈ തുക കൊണ്ട് സ്ഥലം വാങ്ങാനാകില്ലെന്നും 4.43 കോടി രൂപ കൂടി അനുവദിക്കണമെന്നും സ്പെഷല്‍ തഹസീല്‍ദാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കൂടുതല്‍ തുക അനുവദിച്ചത്.
കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക ഞെരുക്കമുള്ളതിനാല്‍ വാഹനങ്ങള്‍ വാങ്ങില്ലെന്നും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുകയോ ഫര്‍ണിച്ചറുകള്‍ വാങ്ങുകയോ ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി ചെലവ് ചുരുക്കല്‍ ഉത്തരവിറക്കിയെങ്കിലും മുഖ്യമന്ത്രിക്കു കീഴിലുള്ള വിജിലന്‍സ് വകുപ്പില്‍ 13 വാഹനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് എ.കെ.ജി സ്മൃതി മ്യൂസിയത്തിന് സ്ഥലം ഏറ്റെടുക്കാന്‍ അധിക തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."