ചരിത്രം പറയുന്ന പാലക്കാടന്‍ തെരുവുകള്‍
പാലക്കാട്: പാലക്കാട് നഗരത്തിലെ നാല്‍പതോളം വരുന്ന തെരുവുകള്‍ക്ക് ജീവനൂറുന്ന കഥകളുണ്ട്. പടയോട്ടക്കാലത്ത് ടിപ്പുവിന്റെ പീരങ്കി പടയാണ് പാലക്കാട് നഗരത്തില്‍ കേന്ദ്രീകരിച്ചത്. രക്തരൂക്ഷിതമായ യുദ്ധത്തിന്റെ മായാത്ത അടയാളമാണ് വലിയങ്ങാടിയിലെ പീരങ്കിതെരുവ്. വിസ്മരിക്കാനാവാത്ത ഒരു യുദ്ധചരിത്രമാണ് പീരങ്കി തെരുവ് നമുക്ക് കൈമാറുന്നത്.
തെരുവിലേക്ക് തിരിയുമ്പോള്‍ തന്നെ ആദ്യം കണ്ണില്‍പ്പെടുന്നത് യുദ്ധതീവ്രതയുടെ നാളുകളില്‍ എന്നോ നിലം പതിച്ച ഒരു പീരങ്കി പാളിയാണ്. ഈ പീരങ്കിപാളി കഴിഞ്ഞകാലത്തിന്റെ ഓര്‍മസ്തംഭമായി ഇന്നും നിലകൊള്ളുന്നു.
ടിപ്പു സുല്‍ത്താന്റെ പടയോട്ടകാലത്ത് ഇംഗ്ലീഷ് പട്ടാളത്തിന്റെ പാലക്കാട്ടേക്കുളള കടന്നുവരവിനെ സൂചിപ്പിക്കുന്ന കേന്ദ്രമാണ് നഗരത്തിലെ പട്ടാളതെരുവ്. ഇംഗ്ലീഷ് പട്ടാളക്കാര്‍ തമ്പടിച്ചതും എതിരാളികളെ വകവരുത്താന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും ഈ തെരുവില്‍നിന്നാണ്.
എണ്ണ വില്‍പനക്കാരുടെ സംഗമകേന്ദ്രമായിരുന്നു വലിയങ്ങാടിയിലെ എണ്ണകൊട്ടില്‍ സ്ട്രീറ്റ്. ഒരു കാലത്ത് ചക്കില്‍ എണ്ണയാട്ടികൊണ്ടുവരുന്നവരും വില്‍പനക്കാരും ആവശ്യക്കാരും എണ്ണകൊട്ടില്‍ തെരുവില്‍ നിറഞ്ഞിരുന്നു.
സദാസമയവും തിരക്കേറിയ വലിയങ്ങാടിക്കകത്താണ് ഗോഡൗണ്‍ തെരുവ്. അന്യദേശങ്ങളില്‍നിന്ന് പച്ചക്കറികളും പലവ്യഞ്ജനങ്ങളുമായി നേരം പുലരുമ്പോഴേക്കും പാലക്കാട്ടെത്തിയിരുന്ന ലോറികളുടെ വിശ്രമകേന്ദ്രമായിരുന്നു ഗോഡൗണ്‍ തെരുവ്. തമിഴക സംസ്‌കാരത്തിന്റെ പ്രധാന കേന്ദ്രമാണ് പൊരിക്കാരതെരുവ്.
പൊരിയും കടലയും വിറ്റ് ഉപജീവനം നടത്തിയിരുന്ന കുടുംബങ്ങള്‍ പൊരിക്കാരതെരുവില്‍ നിറഞ്ഞിരുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിളനിലമായിരുന്നു നഗരത്തിലെ നെയ്ക്കാരതെരുവ്. അന്യദേശങ്ങളിലേക്ക് പരിശുദ്ധമായ നെയ്യ് കൊണ്ടുപോയിരുന്നത് ഈ തെരുവില്‍നിന്നാണ് ഇന്ന് നെയ്ക്കാരതെരുവ് വെറുമൊരു നാമം മാത്രം.
ആദ്യകാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രധാന തെരുവുകളിലൊന്നാണ് കോഴിക്കാര തെരുവ്. തമിഴ്‌നാട്ടില്‍നിന്ന് പ്രമാണിമാരായ ഭൂസ്വാമിമാരുടെ വരവാണ് കോഴിക്കാരതെരുവിന്റെ ചരിത്രത്തിന് ആധാരം. കോഴികളില്ലെങ്കിലും കോഴിക്കാരതെരുവ് ഇന്നും നിലകൊളളുന്നു.
കലയുടേയും സാഹിത്യത്തിന്റെയും സാംസ്‌കാരികത്തനിമയുളള തെരുവുകളും ഇവിടെയുണ്ട്.
ഇതില്‍ പ്രധാനം ഛായക്കാരതെരുവാണ്. ഒരു കാലത്ത് ചിത്രകാരന്‍മാരും അതീവ നിപുണരായ ശില്‍പികളുമാണ് ഛായക്കാരത്തെരുവില്‍ ജീവിച്ചിരുന്നത്. എഴുത്തുകാരതെരുവാണ് മറ്റൊന്ന്. ഇവിടെ ജീവിച്ചിരുന്ന കവികളും കാഥികരുമൊക്കെ എഴുത്തുകാരതെരുവിനെ തമിഴ് സാഹിത്യത്തിന്റെ ഉള്ളറകളിലേക്കാണ് കൈപിടിച്ചുയര്‍ത്തിയത്. നാദസ്വരമേളക്കാര്‍ കൂട്ടത്തോടെ അധിവസിച്ചിരുന്ന തെരുവാണ് നഗരത്തിലെ മേളക്കാരതെരുവ്. പ്രശസ്തരായ വാദ്യക്കാരും നാദസ്വരവിദ്വാന്‍മാരും ഈ തെരുവിനെ സംഗീതമയമാക്കിയിരുന്നു.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് പിറവിയെടുത്ത മേളക്കാര തെരുവ് ഇപ്പോഴും സജീവമാണ്. ബംഗ്ലാവ് തെരുവ് നഗരത്തിന്റെ മധ്യഭാഗത്താണ്. ഇവിടെയുണ്ടായിരുന്ന ബംഗ്ലാവ് പാലക്കാട്ടെത്തിയ ഒട്ടേറെ പ്രഗല്‍ഭമതികളുടെ വാസകേന്ദ്രമായിരുന്നു.
പഴയകാലത്തെ ബംഗ്ലാവിന്റെതായ യാതൊരുവിധ തെളിവുകളും ഇവിടെ അവശേഷിക്കുന്നില്ല. വലിയങ്ങാടിയിലെ കഞ്ചമ്മ ചെട്ടിതെരുവ് ഒരുകാലത്ത് അധികാരത്തിന്റെ പ്രബലമായ മറ്റൊരു കേന്ദ്രമായിരുന്നു. കഞ്ചമ്മചെട്ടി താമസിച്ചിരുന്ന സ്ഥലമാണ് കഞ്ചമ്മചെട്ടിതെരുവായി രൂപാന്തരം പ്രാപിച്ചത്. നൃത്തത്തിന്റെയും പാട്ടിന്റെയും പ്രധാന സങ്കേതമായിരുന്നു കളിക്കാരതെരുവ്.
പട്ടിക്കരയിലെ കോമുട്ടിതെരുവ് ആന്ധ്രയില്‍നിന്ന് കച്ചവടത്തിനായി എത്തിയ തെലുങ്ക് ചെട്ടിയാര്‍മാരുടെ നഗരത്തിലെ പ്രധാന സങ്കേതമായിരുന്നു. ആന്ധ്രയില്‍നിന്നെത്തിയ കച്ചവടം തൊഴിലായി സ്വീകരിച്ചിട്ടുളള ആര്യ വണിക വൈശ്യ സമൂഹം തിങ്ങി വസിക്കുന്ന വൈശ്യതെരുവും വാണിയതെരുവും നഗരമധ്യത്തിലാണ്. പാലക്കാട് മുന്‍സിപ്പല്‍ ഓഫിസിന് സമീപത്തുളള പെന്‍ഷന്‍ തെരുവ് കഴിഞ്ഞകാലത്തെ നഗരഭരണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥവൃന്ദങ്ങളിലേക്കാണ് നയിക്കുന്നത്.
വലിയങ്ങാടിയിലേക്ക് രാത്രികാലങ്ങളില്‍ കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ പച്ചക്കറികളും മറ്റ് ഉല്‍പന്നങ്ങളുമായി എത്തിയിരുന്ന കാളവണ്ടികളുടെ വിശ്രമകേന്ദ്രമായിരുന്നു വണ്ടിക്കാരതെരുവ്. കാളവണ്ടികള്‍ വിസ്മൃതിയിലേക്ക് വഴിമാറിയെങ്കിലും വണ്ടിതെരുവ് ഇപ്പോഴും സജീവമാണ്. പത്തൊമ്പത് വര്‍ഷം പാലക്കാട് നഗരസഭയുടെ ചെയര്‍മാനായിരുന്ന റാവു ബഹാദൂര്‍.പി.ഐ, ചിന്നസ്വാമി പിളളയുടെ നാമധേയത്തിലുളളതാണ് ചിന്നപിളളതെരുവ്.
നഗരത്തിലെ പട്ടാണിതെരുവ് ടിപ്പുസുല്‍ത്താന്റെ വിശ്വസ്തരായ അനുയായികളുടെ പൂര്‍വ്വകാലത്തിലേക്കാണ് കൂട്ടികൊണ്ടുപോവുന്നത്. താരേക്കാട് ജങ്ഷന് സമീപത്താണ് ഡയറ തെരുവ്. ടിപ്പുസുല്‍ത്താന്റെ കുതിരാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പട്ടാണി മുസ്‌ലീം വിഭാഗക്കാരാണ് ഡയറ തെരുവില്‍ അധിവസിക്കുന്നത്.
മൂത്താന്തറയിലെ മേട്ടുതെരുവ് ഭൂമിശാസ്ത്രപരമായ നിമ്‌നോന്നതയുടെ കൗതുകകരമായ സവിശേഷതകൂടിയാണ്. ആന്ധ്രയില്‍നിന്ന് പാലക്കാട്ടെത്തിയ വളകച്ചവടക്കാരാണ് വളയല്‍ തെരുവിന്റെ പ്രാണേതാക്കള്‍.നഗരത്തില്‍ കരിമ്പനകള്‍ കൂട്ടത്തോടെ തലയുയര്‍ത്തി നിന്ന പ്രദേശമാണ് വെണ്ണക്കരയ്്ക്കടുത്തുളള പനങ്കാട് .ഇടതൂര്‍ന്ന് നിന്നിരുന്ന കരിമ്പനകള്‍ വെട്ടിമാറ്റി ആളുകള്‍ ഇവിടെ താമസം തുടങ്ങിയതോടെ പനങ്കാട് പനങ്കാട് തെരുവായി വളരുകയായിരുന്നു.
പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുളള കന്നാര തെരുവ് ഒരു കാലത്ത് തുണിയലക്കുന്ന മണ്ണാന്‍ സമുദായക്കാരുടെ പ്രാധാന കേന്ദ്രമായിരുന്നു. നഗരത്തില്‍ ശൈവ വെള്ളാള വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലമാണ് വെള്ളാന്‍ തെരുവ്.
നഗരത്തിലെ മാങ്കാവിലുളള ഇടയാര്‍ തെരുവ് വാളയാര്‍ ചുരം കടന്ന് പാലക്കാട്ടെത്തിയ വൈവിധ്യമാര്‍ന്ന ജനപഥങ്ങളുടെ ജീവിതമാണ് വരച്ചിടുന്നത്.
നഗരമധ്യത്തിലെ കരാളര്‍ തെരുവ് ഒരു ജനസമൂഹത്തിന്റെ തൊഴില്‍പരമായ സവിശേഷതയിലേക്കാണ് കൂട്ടികൊണ്ടു പോകുന്നത്. മുസ്‌ലിം പള്ളികളുടെ ഭാഗമായ പുതുപ്പളളി തെരുവും പള്ളി തെരുവും പഴക്കം ചെന്ന ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ മാതാകോവില്‍ തെരുവും ഭഗവതിമാരുടെ നാമധേയത്തിലുളള കര്‍ണ്ണകിയമ്മന്‍ തെരുവും അങ്കാളന്‍ തെരുവും പാലക്കാട് നഗരത്തെ മതസൗഹാര്‍ദത്തിന്റെ മഹനീയതയിലേക്കാണ് നയിക്കുന്നത്.
കര്‍ക്കിടകം കഴിഞ്ഞ് ഉത്സവകാലം സമാഗതമാകുമ്പോഴാണ് കല്‍പാത്തിയിലെ കല്‍ച്ചട്ടിതെരുവിന് ഉണര്‍വുണ്ടായിരുന്നത്. പാലക്കാട്ടെ വിവിധ തെരുവുകളിലേക്ക് വില്‍പനക്കായി കല്‍ച്ചട്ടികള്‍ തലച്ചുമടായി കൊണ്ടുപോയിരുന്നത് ഈ തെരുവില്‍നിന്നാണ്.
ഇന്ന് കല്‍ച്ചട്ടികളില്ലെങ്കിലും കല്‍ച്ചെട്ടിതെരുവെന്ന നാമധേയം മാഞ്ഞുപോവാതെ ഗതകാലസ്മരണകളുമായി നിലകൊള്ളുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."