കോണ്‍ഗ്രസ് സെമി കേഡര്‍ പാര്‍ട്ടിയാകണമെന്ന് കെ. സുധാകരന്‍
തിരുവനന്തപുരം: ഫാസിസ്റ്റ് പ്രവര്‍ത്തനശൈലിയുള്ള ഇടതുമുന്നണിയോടും എന്‍.ഡി.എയോടും കിടപിടിക്കാന്‍ കോണ്‍ഗ്രസ് സെമി കേഡര്‍ പാര്‍ട്ടിയായി മാറേണ്ടതുണ്ടെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍.
കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനായി നിര്‍ണായക സ്ഥാനങ്ങളിലിരിക്കുന്ന ഉത്തരവാദിത്വ ബോധമില്ലാത്ത നേതാക്കളെ മാറ്റും. കെ.പി.സി.സി എക്‌സിക്യൂട്ടീവിന്റെ പുനസ്സംഘടനയില്‍ അംഗസംഖ്യ കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ ഒക്ടോബര്‍ എട്ടിന് ചേരുന്ന രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യും. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയരംഗം ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. രാജ്യത്ത് മതേതരത്വം തകരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. വിശ്വാസ രാഹിത്യത്തിന്റെ പ്രതീകമായി നരേന്ദ്രമോദി മാറി. വാഗ്ദാനങ്ങള്‍ തമാശയായി തള്ളിക്കളയുന്ന പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പിണറായി സര്‍ക്കാരും അഴിമതിയിലും ജനദ്രോഹത്തിലും വിഭിന്നമല്ല.
സുതാര്യത ഇല്ലാത്ത വിവിധ നടപടികളിലൂടെ ഇടതുസര്‍ക്കാര്‍ വിശ്വാസം നഷ്ടപ്പെടുത്തി. പ്രളയ ദുരന്തത്തെ തുടര്‍ന്ന് ലോകമെമ്പാടു നിന്നും കേരളത്തിന് ലഭിച്ച സഹായങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."