തെരുവുനായ്ക്കള്‍ കൊന്നയാളുടെ മൃതദേഹം സംസ്‌കരിച്ചു
വിഴിഞ്ഞം: തെരുവ് നായകള്‍ കൊന്ന പുല്ലുവിള സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ജോസ്‌ക്ലിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ചര്‍ച്ചില്‍ വികാരി ഫാ. ജറോം അല്‍ഫോന്‍സിന്റെ നേതൃത്വത്തില്‍നടന്ന പ്രാര്‍ഥനകള്‍ക്ക് ശേഷം രാവിലെ പത്തോടെ പള്ളിവക സെമിത്തേരിയില്‍ സംസ്‌കരിച്ചു.
ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെയുള്ള ജനാവലി നിറകണ്ണുകളോടെ യാത്രാമൊഴി നല്‍കി. പോസ്റ്റമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ എത്തിച്ച മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച പ്രതിഷേധക്കാര്‍ പുല്ലുവിള ജങ്ഷനിലെ നടുറോഡില്‍ രാത്രി മുഴുവന്‍ ഉപരോധിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടര്‍ന്ന് എത്തിയ ജില്ലാ കലക്ടര്‍ രാത്രിയില്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയും തീരുമാനവും ഒരു വിഭാഗത്തിന് സ്വീകാര്യമായില്ല.
തര്‍ക്കം തുടര്‍ന്നതോടെ ഉപരോധവും നീണ്ടു പോയി. ലൈറ്റുകള്‍ പ്രകാശിപ്പിച്ച് രാത്രി മുഴുവന്‍ നാട്ടുകാര്‍ മൃതദേഹത്തിന് കാവലിരുന്നു.
സമരം നീണ്ടു പോയാല്‍ പ്രശ്‌നം വഷളാകുമെന്ന് മനസിലാക്കിയ പൊതുപ്രവര്‍ത്തകരും ഇടവകക്കാരും ഇടപെട്ടതോടെ ഇന്നലെ രാവിലെ ഏഴരയോടെ ഉപരോധം അവസാനിച്ചു. തുടര്‍ന്ന് മൃതദേഹം പ്രാര്‍ഥനക്കായി പള്ളിയിലേക്ക് മാറ്റി.
ജോസ് ക്ലിന്റെ മരണവാര്‍ത്തയറിഞ്ഞ സമയം മുതല്‍ രോഷാകുലരായ നാട്ടുകാര്‍ തടഞ്ഞിട്ട കെ.എസ്.ആര്‍.ടി.സി ബസ്, ടിപ്പര്‍ ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ചലിക്കാന്‍ ഇന്നലെ രാവിലെ വരെ കാത്തിരിക്കേണ്ടി വന്നു.
ഉത്തരവാദിത്തപ്പെട്ടവരുടെ കടുത്ത അവഗണനയാണ് സമരം നീണ്ടു പോകാന്‍ വഴിയൊരുക്കിയതെന്നാണ് നാട്ടുകാരുടെ വാദം.
കരിങ്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."