സഊദിയുമായുള്ള തെറ്റിദ്ധാരണയില്‍ ജര്‍മ്മനി നിലപാട് തിരുത്തി; ഇരു രാജ്യങ്ങളും യോജിച്ചു നീങ്ങും
റിയാദ്: സഊദിക്കെതിരെ നിലപാടെടുത്ത നടപടി തെറ്റായിരുന്നുവെന്നു ജര്‍മ്മനി.
സഊദിയുമായുണ്ടായ അകല്‍ച്ച തെറ്റിധാരണ മൂലമായിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും തന്ത്രപ്രധാനവുമായ ബന്ധം മുന്‍നിര്‍ത്തി, ഉഭയകക്ഷി ബന്ധത്തിലുണ്ടായ തെറ്റിദ്ധാരണ മറികടക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി ജര്‍മന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
തെറ്റിധാരണകള്‍ ഒഴിവാക്കാനായി സഊദിയുമായുള്ള ആശയത്തില്‍ ജര്‍മ്മനി കൂടുതല്‍ വ്യക്തത പാലിക്കേണ്ടിയിരുന്നെന്ന് വിദേശ മന്ത്രി ഹൈകോ മാസിനെ ഉദ്ധരിച്ച് ജര്‍മന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ നവംബറില്‍ ലബനോന്‍ പ്രധാനമന്ത്രി സഅദ് അല്‍ഹരീരിയുടെ രാജിയുമായി ബന്ധപ്പെട്ടാണ് സഊദിയുമായി ജര്‍മനി ഇടഞ്ഞത്. വിഷയത്തില്‍ ഇറാന്റെ ഭാഗം മാത്രം കേട്ട് സഊദിക്കെതിരെ ജര്‍മ്മന്‍ മന്ത്രി നടത്തിയ പ്രസ്താവനയാണ് സഊദിയെ പ്രകോപിപ്പിച്ചത്.
ജര്‍മനിയില്‍നിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും ജര്‍മനി നടത്തിയ സത്യവിരുദ്ധമായ വാദങ്ങളുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിലുള്ള പ്രതിഷേധക്കുറിപ്പു ഗവണ്മെന്റിന് കൈമാറിയുമാണ് ഇക്കാര്യത്തില്‍ സഊദി ശക്തമായി രംഗത്തെത്തിയത്. ജര്മന്ജര്മനിയുമായുള്ള സാമ്പത്തിക സഹകരണം പുനഃപരിശോധിക്കുമെന്നും സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തിലാണ് ജര്‍മ്മനി തങ്ങള്‍ക്ക് നിലപാട് എടുത്തതില്‍ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കിയത്. ഉഭയകക്ഷിബന്ധവും സഹകരണവും ശക്തമാക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ച് ജര്‍മന്‍ വിദേശ മന്ത്രി നടത്തിയ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സഊദി വ്യക്തമാക്കി.
ജര്‍മനിയുമായി അഗാധവും തന്ത്രപ്രധാനവുമായ ബന്ധമാണ് സഊദിക്കുള്ളത്. സര്‍വ മേഖലകളിലും സഹകരണത്തിന്റെ പുതുയുഗത്തിന് തുടക്കം കുറിക്കുന്നതിന് സാധ്യമായത്ര വേഗത്തില്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്നതിന് ജര്‍മന്‍ വിദേശ മന്ത്രിയെ സൗദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ ക്ഷണിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."