വാര്‍ഷിക പദ്ധതിക്ക് ഡിസംബര്‍ 30നകം അംഗീകാരം വാങ്ങണം
കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ഡിസംബര്‍ 30നകം അംഗീകാരം വാങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മുന്നില്‍കണ്ടാണ് ഈ നിര്‍ദേശം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയത്തെ നേരിടുന്നതിനും പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം, ഷെല്‍ട്ടര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്കും പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നാല്‍ സര്‍ക്കാരിനു വികസന പദ്ധതികളടക്കം ഉള്‍ക്കൊള്ളുന്ന വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കാനാകില്ല. പുതിയ വാര്‍ഷിക പദ്ധതി ചര്‍ച്ചക്കു തുടക്കംകുറിക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒക്ടോബര്‍ രണ്ടിനു പ്രത്യേക യോഗം ചേരണം.
ഈ യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയം, കടലാക്രമണം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കാണണമെന്നും ഇതിനായി പ്രത്യേക പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ വിഭാവനം ചെയ്യണമെന്നും വര്‍ക്കിങ് കമ്മിറ്റികള്‍ പുനഃക്രമീകരിക്കാനുണ്ടെങ്കില്‍ അത് ഉടന്‍ നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. അതേസമയം, ഇത്തരത്തില്‍ വാര്‍ഷിക പദ്ധതിക്കു രൂപം നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഇനി മൂന്നു മാസം മാത്രമാണുള്ളത്.
ഈ ചെറിയ കാലയളവിനുള്ളില്‍ ഏങ്ങനെ ജില്ലാപഞ്ചായത്തുകള്‍ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഭാവനം നടക്കുമെന്നതു കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."