ഗാന്ധിജയന്തി വാരാചരണം: സംസ്ഥാനത്ത് ഒരു ലക്ഷം പേരുടെ കര്‍മസേന
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും പ്രകൃതി പുനഃസ്ഥാപനത്തിനും പ്രാമുഖ്യം നല്‍കി ഇത്തവണ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ അടുത്ത മാസം രണ്ടു മുതല്‍ എട്ടു വരെ ഒരു ലക്ഷം പേരുടെ കര്‍മസേനയെ പ്രളയബാധിത പ്രദേശങ്ങളിലുള്‍പ്പെടെ വിന്യസിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രണ്ടിന് രാവിലെ എട്ടിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ആഘോഷങ്ങള്‍ ഒഴിവാക്കി ചെലവു ചുരുക്കിയാണ് പരിപാടികള്‍ നടത്തുക. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് വാരാചരണത്തിന്റെ ഏകോപന ചുമതല.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കായിക, കലാ, യുവജന ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവരെ സഹകരിപ്പിച്ച് പരിപാടികള്‍ നടത്തും. ജില്ലാതലത്തില്‍ കലക്ടര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയുമായി സമിതി രൂപീകരിക്കും. ആവശ്യമെങ്കില്‍ ബ്ലോക്ക്തല സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."