ഭാരത ബന്ദില്‍ ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടയുമെന്ന് കര്‍ഷകര്‍
ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്ന് കര്‍ഷകര്‍.
പ്രതിഷേധക സൂചകമായി നാളെ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. രാജ്യത്തെ എല്ലാ ടോള്‍ ഗേറ്റുകളും ഉപരോധിക്കും. ടോള്‍ പിരിവ് അനുവദിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
ഒമ്പത് ദിനമായി ഡല്‍ഹിയില്‍ തുടരുന്ന പ്രക്ഷോഭം കനക്കുകയാണ്. സമരം കൂടുതല്‍ ശക്തമാക്കാന്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരും കര്‍ഷകനേതാക്കളും വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയും പരിഹാരമാവാതെ പിരിഞ്ഞിരുന്നു. മൂന്ന് കാര്‍ഷികനിയമങ്ങളില്‍ കര്‍ഷകര്‍ ഉന്നയിച്ച ഗുരുതരമായ ചില ആശങ്കകള്‍ പരിഹരിച്ച് ഭേദഗതിയാവാമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ഉറപ്പുനല്‍കി. കേന്ദ്രത്തിന് 'ഈഗോ'യില്ലെന്നും സമരക്കാര്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കൃഷിമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം, നിലവിലെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി. ശനിയാഴ്ച വീണ്ടും ചര്‍ച്ചനടത്താന്‍ ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."