ബ്രൂവറി അഴിമതി; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ രഹസ്യമായി മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ച നടപടി അഴിമതിയാണെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയോ മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ഇതുസംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും മറുപടികള്‍ കുറ്റസമ്മതത്തിനു സമാനമാണ്. അഴിമതി തങ്ങളുടെ ശൈലിയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അഴിമതി നടത്തിയതിനു ശേഷം തര്‍ക്കിക്കുന്നതില്‍ അര്‍ഥമില്ല. പകരം, സുതാര്യത ഉറപ്പുവരുത്തുകയായിരുന്നു വേണ്ടത്. മദ്യോല്‍പാദന കേന്ദ്രങ്ങള്‍ അനുവദിച്ച നടപടിയില്‍ സുതാര്യതയുണ്ടായിരുന്നോ എന്നതിനു മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിനാവശ്യമായ മദ്യവും ബിയറും ഉല്‍പാദിപ്പിക്കുക, തൊഴില്‍ ലഭ്യതയുണ്ടാക്കുക, സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുക എന്നിവയാണ് ബ്രൂവറികള്‍ അനുവദിക്കാനുണ്ടായ കാരണങ്ങളായി സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അതു ജനങ്ങളോടു തുറന്നുപറയാതെ രഹസ്യമായി നടപടികള്‍ പൂര്‍ത്തിയാക്കിയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
വിശദ വിവരങ്ങള്‍ ഇല്ലാതെ മദ്യോല്‍പാദന കേന്ദ്രങ്ങള്‍ അനുവദിച്ചത് എക്‌സൈസ് ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമാണ്. മദ്യവര്‍ജനത്തിലൂടെ മദ്യഉപഭോഗം കുറയ്ക്കുകയെന്നതാണ് സര്‍ക്കാരിന്റെ മദ്യനയത്തിലെ ലക്ഷ്യമെങ്കില്‍ പുതിയ ഡിസ്റ്റലറികള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് ആരുടെ തീരുമാനമാണെന്നു വ്യക്തമാക്കണം. ഈ സര്‍ക്കാര്‍ മദ്യലോബിക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അഴിമതി പ്രകടമാണ്. തിരുവോണ ദിവസം ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ അടച്ചിട്ടു ബാറുകള്‍ക്ക് ഒരു മണിക്കൂര്‍ അധികം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതുപോലും ഇതിന്റെ തെളിവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയ ശേഷം ലൈസന്‍സ് നല്‍കില്ലെന്ന മന്ത്രിയുടെ വാദം ശുദ്ധ തട്ടിപ്പാണ്. അനുമതി ലഭിച്ച ശേഷം കോടികള്‍ മുടക്കി പശ്ചാത്തല സൗകര്യമൊരുക്കുന്ന കമ്പനികള്‍ക്കു ലൈസന്‍സുകള്‍ അനുവദിക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. അതിനാല്‍ ലൈസന്‍സ് എന്ന സാങ്കേതികത്വം പറഞ്ഞു മന്ത്രിക്കും സര്‍ക്കാരിനും തലയൂരാനാകില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."