ഹജ്ജ് 2019: മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരെയും താമസം മിനക്കകത്ത് സജ്ജീകരിക്കും; അംബാസിഡര്‍
മക്ക: ഇന്ത്യയില്‍ നിന്നെത്തുന്ന മുഴുവന്‍ തീര്ഥാടകര്‍ക്കും മിനയില്‍ മിന അതിര്‍ത്തിക്കുള്ളില്‍ തന്നെ താമസ സൗകര്യമൊരുക്കുമെന്നു ഇന്ത്യന്‍ അംബാസിഡര്‍ ഡോ: ഔസാഫ് സഈദ് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും ഹാജിമാര്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഇതിനു തടസമില്ല. പ്രത്യേകമായി നിര്‍ണ്ണയിക്കപ്പെട്ട നിശ്ചിത ഭാഗം മാത്രമാണ് മിനായയെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ എത്തുമ്പോള്‍ സ്ഥല പരിമിതി പ്രധാന വിഷയം തന്നെയാണ്. അതിനാല്‍ മിനയില്‍ സ്ഥല വ്യാപ്തി കൂടാത്തതിനാല്‍ നിലവിലെ ടെന്റുകളില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിച്ചായിരിക്കും ഇതിനു പരിഹാരം കാണുക. ഇതിനായി ടെന്റുകളില്‍ കൂടുതല്‍ ഹാജിമാരെ ഉള്‍കൊള്ളിക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍വര്‍ഷങ്ങളില്‍ ടെന്റുകളില്‍ ഉള്ളതിനേക്കാള്‍ ഓരോ ടെന്റിലും 20 ഹാജിമാരെ കൂടുതലായി ഉള്‍ക്കൊള്ളിക്കാനാണ് ഉദ്ദേശം. മിനായില്‍ അഞ്ചു ദിവസവവും രണ്ടു നേരവും ഭക്ഷണം ലഭ്യമാക്കുന്നതിനും നപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുണ്യ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള മശാഇര്‍ ട്രെയിന്‍ യാത്രക്കുള്ള അനുമതി എല്ലാ ഹാജിമാര്‍ക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയായാണെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ സഊദി അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ ഉത്തരം ലഭ്യമല്ലെങ്കിലും മുന്‍വര്‍ഷത്തെപ്പോലെ ഏതാനും പേര്‍ക്ക് മാത്രമായിരിക്കും മശാഇര്‍ ട്രെയിന്‍ സര്‍വ്വീസ് ലഭ്യമാകുകയെന്നാണ് വിവരം. നാട്ടില്‍ നിന്നു പോരുമ്പോള്‍ തന്നെ മൊബൈലിയുടെ സിംകാര്‍ഡ് ഹാജിമാര്‍ക്ക് നല്‍കുന്നുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യുന്നതിന് ഫിംഗര്‍ പ്രിന്റ് അനിവാര്യായതിനാല്‍ അതിനുള്ള സൗകര്യങ്ങള്‍ എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുണ്ട്. ചികിത്സ തേടിയെത്തുന്ന ഹാജിമാരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇമസിഹ സംവിധാനം വഴി ചികിത്സയുടെ മുഴുവന്‍ വിവരങ്ങളും ഏതു സമയവും ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ, മക്കയിലെ പ്രധാന ഹജ് ഓഫീസില്‍ സ്വകാര്യ ഹാജിമാര്‍ക്കുള്‍പ്പെടെ ഹാജിമാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ ഡസ്‌ക്, ജനറല്‍ വെല്‍ഫെയര്‍, മദീന മൂവ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ട്, മീഡിയ സെന്റര്‍, കംപ്യൂട്ടര്‍ സെല്‍, ഹറം ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ പ്രത്യേക ഓഫീസുകളുണ്ടാവും. ഹാജിമാരുടെ സേവനത്തിന് സന്നദ്ധമായിട്ടുള്ള അയ്യായിരം വളണ്ടിയര്‍മാരെ കോര്‍ഡിനേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അംബാസിഡറും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖും ഹജ് കോണ്‍സല്‍ വൈ. സാബിറും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."