കര്‍ഷക ആത്മഹത്യകളുടെ നാടായി വീണ്ടും വയനാട്
തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയില്‍ നിന്നു പിടിച്ചുകയറാനൊരുങ്ങിയ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കുതിച്ചെത്തിയ പ്രളയത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യാ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നു. കാലാവസ്ഥാ വ്യതിനായത്തിനൊപ്പം കീടബാധ കൂടി വന്നതോടെയുണ്ടായ വിളനാശങ്ങളാണു കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്.
പലരില്‍ നിന്നും കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും പ്രതീക്ഷയുടെ പച്ചപ്പു തേടിയിറങ്ങിയ കര്‍ഷകര്‍ ഒരു പ്രളയ രാത്രിയോടെ എല്ലാം നഷ്ടപ്പെട്ടു മുന്നില്‍ കൂരിരുട്ടു മാത്രമായി നില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാനാണ് അവരുടെ മനസു മന്ത്രിക്കുന്നത്.
കേരളത്തില്‍ കര്‍ഷക ആത്മഹത്യ അതിരൂക്ഷമായ 2003 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലാണ് വയനാട്ടിലും കര്‍ഷകര്‍ ആത്മഹത്യകളില്‍ അഭയം തേടിയിരുന്നത്. അതിനു സമാനമായ രീതിയിലേയ്ക്കാണു വയനാടിന്റെ ഇപ്പോഴത്തെ സഞ്ചാരം. ഒരുമാസത്തിനിടെ വയനാട്ടില്‍ നാല് കര്‍ഷകര്‍ ജീവനൊടുക്കി. നാല് മരണത്തിനും കാരണം ഒന്നുമാത്രം, കാര്‍ഷിക മേഖലയിലെ തകര്‍ച്ച.
2003-04 കാലത്തു വരള്‍ച്ചയും രോഗ-കീടബാധകളും കാരണം കുരുമുളകു കൃഷിക്കുണ്ടായ നാശമാണു വയനാടന്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തത്. അന്നു വയനാട്ടില്‍ തുടര്‍ച്ചയായി നടന്ന കര്‍ഷക ആത്മഹത്യകള്‍ അന്തര്‍ദേശീയ ശ്രദ്ധ നേടിയിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും കുരുമുളക് കൃഷിയെത്തന്നെയാണു ഭൂരിപക്ഷം കര്‍ഷകരും ആശ്രയിച്ചത്. സ്‌പൈസസ് ബോര്‍ഡ് 2010-11 വര്‍ഷത്തില്‍ നടപ്പിലാക്കിയ പുനരുജ്ജീവന പദ്ധതിയെ തുടര്‍ന്നാണു വയനാട്ടില്‍ കുരുമുളകുകൃഷി വീണ്ടും വ്യാപകമായത്.
നിലവില്‍ ഏകദേശം 24,500 ഹെക്ടറിലാണു കുരുമുളക് കൃഷിയുള്ളത്. ഇപ്രാവശ്യത്തെ അതിവര്‍ഷത്തില്‍ തോട്ടങ്ങളില്‍ നീരുറവകള്‍ പ്രത്യക്ഷപ്പെട്ടതോടെ കുരുമുളക് ചെടികള്‍ ചീഞ്ഞു നശിക്കാന്‍ തുടങ്ങി. പുല്‍പ്പള്ളി മേഖലയിലെ കുരുമുളക് തോട്ടങ്ങളിലാണിതു വലിയ തിരിച്ചടിയായത്. നാശം വിതയ്ക്കുന്ന നീരുറവകള്‍ക്കു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണു കര്‍ഷകര്‍.
ഒരു കാലത്ത് ഒരിറ്റു നീരിനായി വലഞ്ഞ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പല കുരുമുളക് തോട്ടങ്ങളിലും നിലയ്ക്കാത്ത ഉറവയാണ്. ഉയര്‍ന്ന പ്രദേശത്തുള്ള പാടിച്ചിറയിലെ പുല്ലാട്ട് സജിയുടെ മൂന്നേക്കര്‍ കുരുമുളകു തോട്ടം ചതുപ്പുനിലത്തിനു സമാനമാണ്. ചെടി മുഴുവന്‍ പഴുത്തുനശിച്ചു. വാഴവറ്റ പറയരുമലയില്‍ ബാബുവിന്റെ കുരുമുളക് വള്ളികളും പഴുത്തുനില്‍ക്കുകയാണ്. സംസ്ഥാനത്തു കുരുമുളക് ഉല്‍പ്പാദനത്തില്‍ രണ്ടാംസ്ഥാനത്തുള്ള ജില്ലയാണു വയനാട്. ഇടുക്കിക്കാണ് ഒന്നാം സ്ഥാനം.
ഒരു കാര്‍ഷികവിളയ്ക്കും അമിതജല സാന്നിധ്യത്തില്‍ വളരാനാകില്ല. അടയ്ക്ക, തേങ്ങ, കാപ്പിക്കുരു എന്നിവയും വ്യാപകമായി കൊഴിഞ്ഞുതുടങ്ങി. മഴ കൂടുതല്‍ കാരണം റബര്‍ മരങ്ങളുടെ വേരു ചീഞ്ഞ് ഇലകള്‍ പൂര്‍ണമായും കൊഴിഞ്ഞു. ഈ മരങ്ങളില്‍ അടുത്ത കാലത്തൊന്നും ടാപ്പിങ് നടത്താന്‍ കഴിയില്ല. കഴിഞ്ഞ പ്രാവശ്യം അടയ്ക്കക്കു മോശമല്ലാത്ത വില കിട്ടിയിരുന്നതിനാല്‍ ഇത്തവണ നല്ല പ്രതിഫലം നല്‍കിയാണു കച്ചവടക്കാര്‍ കമുകിന്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തത്. അതിവര്‍ഷത്തെ തുടര്‍ന്ന് അടയ്ക്ക കൊഴിഞ്ഞത് പാട്ടക്കച്ചവടക്കാര്‍ക്കു തിരിച്ചടിയായി.
കമുക് തോട്ടങ്ങള്‍ പാട്ടത്തിനെടുത്തു ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവനും കൃഷി നശിച്ചു കടക്കെണിയിലായ കാപ്പിസെറ്റ് കൊള്ളാപ്പള്ളി അജിത്കുമാര്‍, മാനാക്കാട് രാമദാസ്, മേപ്പാടി മൂപ്പൈനാടിലെ വീട്ടിയോട് രാമകൃഷ്ണന്‍ എന്നിവരുമാണു ഒരു മാസത്തിനുള്ളില്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തത്. കുരുമുളക്, കാപ്പി, ഇഞ്ചി, കവുങ്ങ് തുടങ്ങിയവ പ്രളയക്കെടുതിയും രോഗബാധയും മൂലം നശിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലാവുകയും വായ്പ തിരിച്ചടവ് അടയ്ക്കാന്‍ കഴിയാത്ത മനോവിഷമമാണിവരെ ജീവിതത്തിനു പൂര്‍ണവിരാമമിടാന്‍ പ്രേരിപ്പിച്ചത്.
വിവിധ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബാങ്കുകാര്‍ നടപടിയാരംഭിച്ചു. അതോടെ കര്‍ഷകര്‍ക്കു മറ്റു മാര്‍ഗമില്ലാതായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനില്‍ക്കുമ്പോഴാണു ബാങ്കുകള്‍ സര്‍ഫാക്‌സി ആക്ടുപയോഗിച്ചു നിയമനടപടിയാരംഭിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ഔദ്യോഗിക ഉത്തരവു ലഭിച്ചില്ലെന്ന ന്യായീകരണമാണിതിനു ബാങ്കുകള്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ബാങ്കുകള്‍ പോലും കര്‍ഷകരെ വീടുകളിലെത്തി വായ്പയടയ്ക്കാന്‍ ഭീഷണിപ്പെടുത്തുകയാണെന്നു കര്‍ഷകര്‍ പറയുന്നു. ജില്ലയില്‍ 8000 ത്തിനു മുകളില്‍ കര്‍ഷകരാണ് വായപ തിരിച്ചടവു മുടങ്ങിയതിനു നിയമനടപടി നേരിടുന്നത്. സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും ബാങ്കുകള്‍ വക്കീല്‍ മുഖാന്തരം നോട്ടിസയക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."