ചെലവുചുരുക്കലില്ല; സര്‍ക്കാരിന് സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ദേശീയതലത്തില്‍ റീ ടെന്‍ഡര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ പ്രചാരണം ശക്തമാക്കാന്‍ ദേശീയ തലത്തില്‍ റീ ടെന്‍ഡര്‍ വിളിച്ചു. ആദ്യ ടെന്‍ഡറിനോടുള്ള തണുത്ത പ്രതികരണമാണ് പുതിയ ടെന്‍ഡറിന് കാരണമെന്നാണ് സൂചന. 2018 മുതല്‍ 2020 വരെയുള്ള സാമ്പത്തികവര്‍ഷം 50 ലക്ഷം രൂപയുടെ പദ്ധതി ഏറ്റെടുത്ത് നടത്തിയവര്‍ക്ക് മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇത് 15 ലക്ഷമാക്കി. കൂടുതല്‍ ഏജന്‍സികളെ ടെന്‍ഡറില്‍ പങ്കെടുപ്പിക്കാനാണ് ശ്രമം.
നിലവില്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന് പി.ആര്‍.ഡിയും സി ഡിറ്റും ഓരോ പദ്ധതികള്‍ക്കും ചെറുകിട പി.ആര്‍ ഏജന്‍സികളുമുണ്ട്. ഇതു കൂടാതെയാണ് ദേശീയ തലത്തില്‍ പുതിയ പി.ആര്‍ ഏജന്‍സി വരുന്നത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ ചെലവു ചുരുക്കി മുണ്ടുമുറുക്കി ഉടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രചാരണത്തിന് പുതിയ ഏജന്‍സിയെ കൊണ്ടുവരുന്നത്. ഏജന്‍സിയെ തിരഞ്ഞെടുക്കാനുള്ള റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ പി.ആര്‍.ഡി അംഗീകരിച്ച് ഇവാല്യുവേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. എത്ര തുക ചെലവാക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കൊവിഡ് കാലത്ത് ചെലവ് ചുരുക്കാനുള്ള ധനവകുപ്പ് നിര്‍ദേശങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ വിജിലന്‍സിന് 13 പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 71 ലക്ഷം രൂപ അനുവദിച്ചതും എ.കെ.ജി സ്മൃതി മ്യൂസിയത്തിന് സ്ഥലമേറ്റെടുക്കാന്‍ നാലുകോടി അധികം അനുവദിച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ധനവകുപ്പിന്റെ ഉത്തരവിലാണ് കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കാന്‍ നിര്‍ദേശിച്ചിരുന്നത്. വിവിധ സമിതികളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഈ ഉത്തരവ് ധനവകുപ്പ് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."