ജൈവിക ബലഹീനതകള്‍ അവകാശങ്ങളെ ഹനിക്കാനുള്ള മാര്‍ഗമാകരുത്: ജ. ഡി.വൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: വിശ്വാസ സ്വാതന്ത്ര്യം സംബന്ധിച്ച 25ാം വകുപ്പ് എല്ലാ വിശ്വാസികളെയും സംരക്ഷിക്കുന്നതാണെന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സ്ത്രീയുടെ ആരാധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാന്‍ മതങ്ങള്‍ക്ക് കഴിയില്ല. സ്ത്രീകളെ അപലകളായി പരിഗണിക്കുന്നത് ഭരണഘടനാപരമായ സദാചാരത്തിന് വിരുദ്ധമാണ്. ജൈവിക ബലഹീനതകള്‍ പൗരന്റെ അവകാശങ്ങളെ ഹനിക്കാനുള്ള മാര്‍ഗമാകരുത്. അയിത്തോച്ഛാടനം സംബന്ധിച്ച ഭരണഘടനയുടെ 17 വകുപ്പ് അയിത്തം ഇല്ലാതാക്കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല.
ഇഷ്ടമുള്ള വിശ്വാസം വച്ചുപുലര്‍ത്താനും അത് അനുഷ്ഠിക്കാനും വിശ്വാസികള്‍ക്കു സ്വാതന്ത്ര്യമുണ്ടെങ്കിലും മത നിയമങ്ങള്‍ ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണം. വിശ്വാസ സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 25ാം വകുപ്പിന്റെ പരിരക്ഷ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉണ്ട്. അതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. സ്ത്രീകള്‍ക്ക് 41 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതം എടുക്കാന്‍ കഴിയില്ലെന്ന വാദം സ്ത്രീകളെ കൊച്ചാക്കലാണ്. പ്രതികൂല കാലാവസ്ഥയും മോശം ശാരീരിക അവസ്ഥയും കണക്കിലെടുത്താണ് പണ്ട് കാലത്ത് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നത് അയിത്തത്തിന്റെ മറ്റൊരുരൂപമാണ്. ഒരു ഭരണഘടനാധിഷ്ടിത രാജ്യത്ത് അതിന് സ്ഥാനമില്ലെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.
ശബരിമലയിലെ അയ്യപ്പ ഭക്തന്മാരെ പ്രത്യേക ഗണമായി കാണാനാവില്ലെന്നും ഭരണഘടനയുടെ 26 അനുച്ഛേദ പ്രകാരം അയ്യപ്പ വിശ്വാസികള്‍ക്ക് പ്രത്യേക അവകാശം ഇല്ലെന്നും ജസ്റ്റിസ് നരിമാന്റെ ഉത്തരവില്‍ പറയുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് അനിവാര്യമാണ്. ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്ന ഹിന്ദു ക്ഷേത്ര പ്രവേശന നിയമ(1965)ത്തിലെ 3(ബി) വകുപ്പ് വിശ്വാസ സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 25(1)ാംവകുപ്പിന്റെ ലംഘനമാണെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."