പി.എസ്.സിയുടെ പരിഷ്‌കാരത്തിനെതിരേ എ.ഐ.വൈ.എഫ്, നിയമന ശുപാര്‍ശ നേരിട്ടുകൈപ്പറ്റണമെന്ന മണ്ടത്തരം പിന്‍വലിക്കണമെന്നും ആവശ്യം
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്കുള്ള നിയമന ശുപാര്‍ശ ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ഓഫിസുകളില്‍ നേരിട്ടുവന്ന് കൈപ്പറ്റണമെന്ന കഴിഞ്ഞ ദിവസം പുറത്തിറക്കിയ തീരുമാനം ഉദ്യോഗാര്‍ഥികളെ ദ്രോഹിക്കുന്നതാണെന്ന് എഐവൈഎഫ്. ഈ മണ്ടന്‍ പരിഷ്‌കാരം അടിയന്തരമായി പിന്‍വലിക്കണമെന്നും സിപിഐ യുവജനസംഘടനയായ എഐവൈഎഫ് ആവശ്യപ്പെട്ടു.
സംസ്ഥാനതല നിയമനങ്ങള്‍ക്ക് തിരുവനന്തപുരത്തെ ഓഫിസിലും ജില്ലാ നിയമനങ്ങള്‍ക്ക് ജില്ലാ ഓഫിസുകളിലും വന്ന് നിയമന ശുപാര്‍ശ കൈപ്പറ്റണം എന്നാണ് തീരുമാനം. സാധാരണ തപാലില്‍ അയക്കുന്ന നിയമന ശുപാര്‍ശകള്‍ ചില ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് വിചിത്രമായ തീരുമാനം പി.എസ്.സി എടുത്തിരിക്കുന്നത്.
ആയിരം പേര്‍ക്ക് നിയമന ശുപാര്‍ശ തപാലില്‍ അയക്കുമ്പോള്‍ രണ്ടോ മൂന്നോ പേര്‍ക്ക് കിട്ടാതെ പോകുന്നു എന്ന കാരണത്താല്‍ കാസര്‍കോട് മുതലുള്ള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരത്ത് വന്ന് നിയമന ശുപാര്‍ശ കൈപ്പറ്റണമെന്ന് പി.എസ്.സി വാശിപിടിക്കുന്നത് ഉദ്യോഗാര്‍ഥികളെ ദ്രോഹിക്കുന്നതിനാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പറഞ്ഞു.
നിയമന ശുപാര്‍ശ ലഭിക്കാത്തവര്‍ക്ക് പകരം കത്ത് നല്‍കുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇതില്‍ പോരായ്മ ഉണ്ടെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ തയാറാകണം. അതിന് വ്യവസ്ഥ ഇല്ലെങ്കില്‍ അത് ഉണ്ടാക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ നിയമന ശുപാര്‍ശ രജിസ്‌ട്രേഡ് തപാലില്‍ അയക്കാന്‍ തയാറാകണം. അല്ലാതെ ഉദ്യോഗാര്‍ഥികളെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളുടെ മുന്നില്‍ ക്യൂനിര്‍ത്താന്‍ തീരുമാനിക്കരുത്. സംസ്ഥാനത്തെ യുവജനങ്ങളെ കേരള സര്‍ക്കാരിനെതിരായി മാറ്റുന്ന ഇത്തരം തീരുമാനത്തില്‍ നിന്ന് പി.എസ്.സി പിന്മാറണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."