ജില്ലാ ആസൂത്രണ സമിതി യോഗം: മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും
തിരുവനന്തപുരം: മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ ത്രിതല പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലും വേണ്ട പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ജനപ്രതിനിധികള്‍ ഏകോപിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും എ.പി.എല്‍ ബി.പി.എല്‍ വേര്‍തിരിവില്ലാതെ സൗജന്യ രോഗപരിശോധനയും ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയില്‍ രൂക്ഷമായിരിക്കുന്ന തെരുവ്‌നായ ശല്യത്തിന് അറുതി വരുത്താന്‍ യോഗം തീരുമാനിച്ചു. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയിലൊട്ടാകെ പത്ത് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ എല്ലാ സംവിധാനങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. നായകളെ പിടികൂടുന്നതിന് വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച മുപ്പതംഗ ടീമിനേയും നിയമിച്ചിട്ടുണ്ട്. ജില്ലയിലെ ജലക്ഷാമം പരിഹരിക്കുന്നത് മുന്‍ നിര്‍ത്തി ജലശ്രീ പദ്ധതി നാല് ഘട്ടങ്ങളായി നടപ്പാക്കും. ഇതില്‍ ആദ്യ മൂന്ന് ഘട്ടങ്ങള്‍ ഈ വര്‍ഷം നടപ്പാക്കും. കിണറുകള്‍ റീചാര്‍ജിങും പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ ജനസര്‍വെയും നടത്തും. ജില്ലയിലെ ജലസ്രോതസുകളെപ്പറ്റിയുള്ള ഒരു ആധികാരിക രേഖയാക്കി ഇതിനെ മാറ്റുകയാണ് ലക്ഷ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വാര്‍ഡ് തലത്തില്‍ ജലസാക്ഷരതാ കാമ്പയിനും സംഘടിപ്പിക്കും.
ആവശ്യമുള്ള മുഴവന്‍ കിണറുകളും റീചാര്‍ജ് ചെയ്യുകയും ജലാശയങ്ങള്‍ നവീകരിക്കുകയും ചെയ്യും. ഇതിനെല്ലാം വ്യക്തമായ പദ്ധതി പ്രവൃത്തി രേഖയും വാര്‍ഡ് സമിതിയുടെ നിരീക്ഷണവുമുണ്ടാകും. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കേണ്ടുന്ന അര്‍ഹരായവര്‍ക്കെല്ലാം അത് നല്‍കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നതായും യോഗം വിലയിരുത്തി. ജില്ലാ കലക്ടര്‍, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്തംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."