കെ.ടി.എമ്മില്‍ ഇത്തവണയും താരമായി ഉത്തരവാദിത്ത ടൂറിസം
കൊച്ചി: കേരളത്തിന് നിരവധി പുരസ്‌കാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ച ഉത്തരവാദിത്ത ടൂറിസം കേരള ട്രാവല്‍ മാര്‍ട്ടി (കെ.ടി.എം)ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാന ആകര്‍ഷണമാവുകയാണ്. ടൂറിസം മേഖലയിലെ സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതി ടൂറിസം വ്യവസായം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി കെ.ജെ അല്‍ഫോണ്‍സ് ഉത്തരവാദിത്ത ടൂറിസം സ്റ്റാള്‍ ഇന്നലെ ഉദ്ഘാടനം ചെയ്തു. കെ.ടി.എം വേദിയിലേക്ക് കയറിവരുന്നതു തന്നെ ഗ്രാമീണഭംഗിയുടെ നേര്‍ക്കാഴ്ച കണ്ടുകൊണ്ടാണ്. വയലും വരമ്പും ജലചക്രം ഓലമേഞ്ഞ വീട്, താറാവിന്‍ കൂട്ടം, കൈത്തറി, എന്നിവയെല്ലാം സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്നു.
വയനാട്ടിലെ അമ്പെയ്ത്തു വിദഗ്ധന്‍ ഗോവിന്ദന്‍, കുമരകം കവണാറ്റിന്‍ കരയിലെ സതി മുരളി തുടങ്ങിയവരെല്ലാം ഇത് മൂന്നാം തവണയാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. പ്രളയദുരിതം ഏറ്റവുമധികം നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ ചേന്ദമംഗലം. തറികള്‍ നഷ്ടപ്പെട്ടു പോയതിനാല്‍ ഇവിടത്തെ കൈത്തറി നെയ്ത്തുശാലകളെല്ലാം പ്രതിസന്ധിയിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് നിരവധി പദ്ധതികളാണ് ഉത്തരവാദിത്ത ടൂറിസം, ടൂറിസം വ്യവസായ മേഖലയുടെ സഹായത്തോടെ നടപ്പാക്കി വരുന്നത്. തറികള്‍ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതികളും തയാറാക്കി വരുന്നുണ്ട്. ഇതിനകം തന്നെ വലിയ പ്രചാരം നേടിക്കഴിഞ്ഞ ചേക്കുട്ടി പാവകളുടെ പവലിയനും നിരവധി പേരെ ആകര്‍ഷിക്കുന്നു. ഇതിലൂടെ പ്രദേശവാസികളുടെ ഉപജീവനമാര്‍ഗം തിരിച്ചുപിടിക്കുന്നതിനൊപ്പം ടൂറിസം മേഖലയുടെ സുസ്ഥിര വികസനവും സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."