ബുറെവി കര തൊട്ടില്ല; പ്രവചനം തെറ്റിയതാര്‍ക്ക്?
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ബുറെവി ചുഴലിക്കാറ്റ് മന്നാര്‍ കടലിടുക്കില്‍ നിശ്ചലമായി നില്‍ക്കുമ്പോള്‍, മുന്നൊരുക്കങ്ങളില്‍ വലഞ്ഞവര്‍ ചോദിക്കുന്നു, കാലാവസ്ഥ പ്രവചനം തെറ്റിയോ, അതോ മറ്റെന്തെങ്കിലും സംഭവിച്ചോ ?. കാലാവസ്ഥ പ്രവചനം തെറ്റി എന്നുതന്നെ പറയാം. നവംബര്‍ 30 മുതല്‍ കേരളത്തെയും തമിഴ്‌നാടിനെയും വിറപ്പിക്കുകയായിരുന്നു ബുറെവി. ശ്രീലങ്കയും കടന്ന് മന്നാര്‍ കടലിടുക്കിലൂടെ തെക്കന്‍ തമിഴ്‌നാട്ടിലെത്തുന്ന ചുഴലിക്ക് മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. മൂന്ന്, നാല് തീയതികളില്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും ഉണ്ടാകും. കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുന്ന സഞ്ചാരപഥയും കേന്ദ്രകാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു.
പിന്നീട്, ബുറെവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദമായി ശക്തി കുറയുമെന്നും ഇന്നലെ ഉച്ചയോടെ കേരളം കടന്ന് അറബിക്കടലിലെത്തുമെന്നുമായി മുന്നറിയിപ്പ് മാറി. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് വന്നതോടെ സര്‍ക്കാര്‍ മുന്‍കരുതലും ജാഗ്രതയും വര്‍ധിപ്പിച്ചു. പൊതു അവധിയും പ്രഖ്യാപിച്ചു. കന്യാകുമാരിയില്‍ നിന്ന് പൊന്മുടി വഴിയാണ് സഞ്ചാരപഥമെന്നും മുന്നറിയിപ്പ് വന്നു. പൊന്മുടിയിലെ ലയങ്ങളെല്ലാം ഒഴിപ്പിച്ചു.
എന്നാല്‍ രാത്രിയോടെ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. ബുറെവി വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമര്‍ദമാകും, കാറ്റിന്റെ വേഗത പരമാവധി മണിക്കൂറില്‍ 60 കിലോമീറ്റര്‍ മാത്രമേ ഉണ്ടാകൂ എന്ന അറിയിപ്പു വന്നു. ഇന്നലെ പുലര്‍ച്ചയോടെ വീണ്ടും അറിയിപ്പ് വന്നു, റെഡ് അലര്‍ട്ട് പിന്‍വലിച്ചു യെല്ലോ അലര്‍ട്ടാക്കി. കാറ്റിന്റെ വേഗത 30 നും 40നും ഇടയ്ക്ക് മാത്രം. വ്യാഴാഴ്ച വൈകിട്ടോടെ തമിഴ്‌നാട് തീരമടുക്കുമെന്ന് പറഞ്ഞെങ്കിലും ചുഴലി കര തൊട്ടില്ല.
ഇന്നലെ രാവിലെയോടെ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് വീണ്ടും വന്നു, ബുറെവി കടലില്‍ത്തന്നെ കറങ്ങുകയാണ്, തെക്കന്‍ തമിഴ്‌നാട്ടിലേക്ക് പോലും കടന്നിട്ടില്ല. കണക്കുകൂട്ടല്‍ തെറ്റിയത് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ക്കല്ല, പ്രവചനങ്ങള്‍ക്കപ്പുറം കാലാവസ്ഥ തന്നെ അപ്പാടെ മാറിമറിഞ്ഞതാണെന്നാണ് അവരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."