ആരോഗ്യ സര്‍വകലാശാലയുടെ തീരുമാനം നിര്‍ണായകം
തിരുവനന്തപുരം: ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്താത്ത നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തില്‍. ആരോഗ്യ സര്‍വകലാശാലയുടെ അനുമതിയില്ലാത്ത പാലക്കാട് കരുണ, പത്തനംതിട്ട മൗണ്ട് സിയോന്‍, തിരുവനന്തപുരം എസ്.യു.ടി, എറണാകുളം ശ്രീനാരായണ എന്നീ കോളജുകളെ ആദ്യ അലോട്ട്‌മെന്റില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആരോഗ്യ സര്‍വകലാശാലയുടെ അനുമതി ലഭിച്ചാല്‍ മാത്രമെ ഇവര്‍ക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിലെങ്കിലും പങ്കെടുക്കാനാകൂ. ഈ കോളജുകളിലേക്കുള്ള പ്രവേശനത്തിന് ആരോഗ്യ സര്‍വകലാശാലയുടെ തീരുമാനം നിര്‍ണായകമാകും.
നാലു കോളജുകളില്‍ ഒന്നാമത്തെ ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ഥികള്‍ക്കും അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച മറ്റു കോളജുകളിലായിരിക്കും പ്രവേശനം ലഭിക്കുക. രണ്ടാമത്തെ അലോട്ട്‌മെന്റിനും ഈ കോളജുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ വന്നാല്‍ ഇവിടങ്ങളിലെ 400 സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ വഴിയാകും പ്രവേശനം. ഇതിനും ആരോഗ്യ സര്‍വകലാശാലയുടെ അനുമതി വേണം. മറ്റു കോളജുകളില്‍ സീറ്റ് കിട്ടാതെ വരുന്ന കുട്ടികളായിരിക്കും കൂടുതലും ഇവിടെ പ്രവേശനം നേടുക. അതേസമയം, രണ്ടാമത്തെ അലോട്ട്‌മെന്റിന് മുന്‍പേ ആരോഗ്യ സര്‍വകലാശാലയുടെ അനുമതിക്കായി നാല് കോളജുകളും ശ്രമിക്കും.
10 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കും 15 സ്വാശ്രയ കോളജുകളിലേക്കുമുള്ള അലോട്ട്‌മെന്റാണ് കഴിഞ്ഞ ദിവസം പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ചത്. 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കാണ് പ്രവേശന പരീക്ഷാ കമ്മിഷണര്‍ ഓപ്ഷന്‍ സ്വീകരിച്ചിരുന്നത്. 15 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സ്റ്റേറ്റ് മെറിറ്റിലെ 719 എം.ബി.ബി.എസ് സീറ്റുകള്‍ ആദ്യ അലോട്ട്‌മെന്റില്‍ പരിഗണിച്ചു. ഈ കോളേജുകളില്‍ അവശേഷിക്കുന്ന സീറ്റുകളില്‍ സാമുദായിക, എന്‍.ആര്‍.ഐ, മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തുടങ്ങിയ ക്വാട്ടകളില്‍ പ്രവേശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."