'ബുറെവി'ക്കുമാകില്ല; വലതു കാറ്റ് വീശണമെങ്കില്‍ കനിയണം അറബിക്കടലോരം
കോഴിക്കോട്: എന്നും ഇടത്തോട്ടു വീശുന്ന കാറ്റാണ് കോഴിക്കോട്ട്. അതു വലതുമാറി വീശണമെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ബുറെവി' പേരാ അറബിക്കടലിന്റെ തീരം തന്നെ കനിയണം. പക്ഷേ അതിനുള്ള ന്യൂനമര്‍ദം കഴിഞ്ഞ നാലു പതിറ്റാണ്ടുകാലമായി വേണ്ടപോലെ ഉരുത്തിരിഞ്ഞില്ലെന്നതാണ് സത്യം.
1968 മുതല്‍ 71 വരെ മാത്രമാണ് വലതു പക്ഷം കോര്‍പറേഷന്‍ ഭരിച്ചത്. 1973ല്‍ സി.ജെ റോബിന്‍ എന്ന കോണ്‍ഗ്രസ് പക്ഷക്കാരന് വിജയം ലഭിച്ചപ്പോള്‍ പൗരമുന്നണി ഒരു വര്‍ഷം ഭരിച്ചു. പിന്നീടിങ്ങോട്ട് ഇടതു പക്ഷത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കോരപ്പുഴയ്ക്കും ചാലിയാറിനും അറബിക്കടലിനുമിടയിലെ കോഴിക്കോട് കോര്‍പറേഷന് 75 വാര്‍ഡുകളാണുളളത്. നാലര ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള ഇവിടെ പുതുവോട്ടര്‍മാരും രണ്ടര ലക്ഷത്തിനടുത്ത സ്ത്രീ വോട്ടര്‍മാരും കൗണ്‍സിലിന്റെ ഭാവി തീരുമാനിക്കും.
നിലവില്‍ 50 വാര്‍ഡുകളില്‍ ഇടതും 18ല്‍ യു.ഡി.എഫും ഏഴില്‍ ബി.ജെ.പിയുമാണ് ജയിച്ചത്. അഞ്ചു വര്‍ഷത്തിനിടെ രണ്ടു മേയര്‍മാരും ഭരിച്ചു.
വി.കെ.സി മമ്മദ് കോയ ബേപ്പൂരില്‍ നിന്നും എം.എല്‍.എയായതോടെ തോട്ടത്തില്‍ രവീന്ദ്രന്‍ 26ാം നഗരപിതാവായി. ഇത്തവണ അധികാരമേല്‍ക്കുക നഗരത്തിന്റെ അഞ്ചാമത് വനിതാ മേയറായിരിക്കും.
ഇടതുമുന്നണിയില്‍ നിന്ന് ഡോ.ജയശ്രീ സുരേഷ്, ഡോ.ബീന ഫിലിപ് എന്നിവരാണ് മേയര്‍ സാധ്യതാ ലിസ്റ്റില്‍. യഥാക്രമം കോട്ടൂളി, പൊറ്റമ്മല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ മത്സരിക്കുന്നത്. ഐക്യമുന്നണിയില്‍ നേരത്തെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും നിലവിലെ കൗണ്‍സിലറുമായ പി.ഉഷാദേവി (ചാലപ്പുറം), ഡോ. പി.എന്‍ അജിത (ചേവായൂര്‍) എന്നിവരാണ് മേയര്‍ സ്ഥാനാര്‍ഥികള്‍. ബി.ജെ.പി ജില്ലാ സെക്രട്ടറിയും നിലവിലെ കൗണ്‍സിലറുമായ നവ്യ ഹരിദാസ് (കാരപ്പറമ്പ്) ആണ് എന്‍.ഡി.എയുടെ മേയര്‍ സ്ഥാനാര്‍ഥി.
കഴിഞ്ഞ തവണ ഏഴ് സീറ്റുകള്‍ പിടിച്ചെടുക്കുകയും ആറിടത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത എന്‍.ഡി.എ കൂടുതല്‍ സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ഇത്തവണ എല്‍.ജെ.ഡി യു.ഡി.എഫ് പക്ഷത്തില്ലയെന്നതും ശ്രദ്ധേയമാണ്.
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്റെ പിതാവ് ഷുഹൈബ് ആര്‍.എം.പിയുടെ സ്ഥാനാര്‍ഥിയായി വലിയങ്ങാടി വാര്‍ഡില്‍ മത്സരിക്കുന്നുവെന്നതും പ്രത്യേകതയാണ്.
പത്തുമിനിറ്റ് മഴ പെയ്താല്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലാവുന്നതാണ് കോഴിക്കോടിന്റെ ശാപം. അതോടൊപ്പം പാര്‍ക്കിങ്, തെരുവു വിളക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയമായി നിര്‍മിച്ച അറവുശാല നഗരത്തിനില്ല. ഇതൊക്കെ ചൂണ്ടിക്കാട്ടിയുള്ള യു.ഡി.എഫ് പടയൊരുക്കം അതിതീവ്രമല്ലെങ്കിലും ഇത്തവണ കോഴിക്കോട്ടുകാര്‍ കാറ്റ് മാറ്റി വീശിക്കുമോ എന്നു കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."