ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; വിനോദ് കുമാറിന് ഇനി നാട്ടിലെത്താം
ആലപ്പുഴ: ബഹ്‌റൈനിലെ യാത്രാനിരോധനം കാരണം നാട്ടിലെത്താനാകാതെ പട്ടിണിയും രോഗങ്ങളുമായി കഴിഞ്ഞ പ്രവാസി മലയാളിക്ക് ഒടുവില്‍ ആശ്വാസം. ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ ഇദ്ദേഹത്തിന്റെ യാത്രാനിരോധനം നീങ്ങി.
നിയമപ്രശ്‌നങ്ങളെ തുടര്‍ന്നു യാത്രാനിരോധനവും ജോലി ചെയ്യാനാകാത്തതിനാല്‍ വരുമാനവുമില്ലാതെ ദുരിതത്തിലായിരുന്ന ആലപ്പുഴ കലവൂര്‍ സ്വദേശി വിനോദ് കുമാറി (65)നാണ് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ കാരുണ്യ ഹസ്തം തുണയായത്. വിനോദിന്റെ ദുരിതജീവിതം 'സുപ്രഭാതം' വെബ്ബിലടക്കം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്നായിരുന്നു വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടത്.
മാസംതോറും പണമടക്കാമെന്ന വ്യവസ്ഥയില്‍ ബഹ്‌റൈനിലെ ഒരു പ്രമുഖ ഫോണ്‍ കമ്പനിയില്‍നിന്ന് വിനോദ് കുമാര്‍ നേരത്തെ ഒരു ഫോണ്‍ വാങ്ങിയിരുന്നു. ജോലി നഷ്ടപ്പെട്ടതിനെതുടര്‍ന്നു പണമടക്കല്‍ മുടങ്ങിയതോടെ കമ്പനി കേസ് ഫയല്‍ ചെയ്തു. ഇതോടെ കോടതി യാത്രാനിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. വിനോദിന്റെ അവസ്ഥ പ്രവാസിയായ തിരുവനന്തപുരം സ്വദേശി ഷിജു വേണുഗോപാലാണ് സാമുഹ്യ മാധ്യമത്തിലൂടെ പുറംലോകത്തെ അറിയിച്ചത്.
തുടര്‍ന്നു വിനോദിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഉത്തരവിടുകയായിരുന്നു. വിനോദിനുള്ള യാത്രാ ടിക്കറ്റ് ഇന്ത്യന്‍ എംബസി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."