നൂറ്റാണ്ടിന്റെ സാക്ഷിയായി മുതുമുറ്റത്ത് പാച്ചത്ത് തറവാട്
തൃശൂര്‍: മൂന്ന് ജില്ലകളുടെ അതിര്‍ത്തിപങ്കിടുന്ന ചേകന്നൂര്‍ ഗ്രാമത്തിലെ മുതുമുറ്റത്ത് പാച്ചത്ത് തറവാട് നൂറ്റാണ്ടിന്റെ സാക്ഷിയായി പ്രൗഢിയോടെ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. തൃശൂര്‍-പാലക്കാട്- മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്നിടത്താണ് മുതുമുറ്റത്ത് പാച്ചത്ത് തറവാട്.
നിര്‍മാണത്തിലെ വൈദഗ്ധ്യം കൊണ്ടും പരിചരണത്തിലെ ശ്രദ്ധകൊണ്ടും ഇനിയും നൂറ്റാണ്ടുകള്‍ ഒന്നും സംഭവിക്കാതെ ഈ തറവാടിന് നിലനില്‍ക്കാനാകുമെന്ന് എന്‍ജിനിയര്‍മാരും തച്ചുശാസ്ത്ര വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശതാബ്ദി പിന്നിട്ട ഈ തറവാട് കാണാന്‍ ദിവസവും ധാരാളം ആളുകളാണ് എത്തുന്നത്. ആശാരിമാരും പഴയ തലമുറയിലെ കാരണവന്മാരുമാണ് അവരിലേറെയും. മറ്റു വീടുകളില്‍ ഇതേ പണി പകര്‍ത്താനാണ് ആശാരിമാര്‍ വീടു കാണാനെത്തുന്നത്.
1916ല്‍ മുതുമുറ്റത്ത് പാച്ചത്ത്‌വളപ്പില്‍ മൊയ്തുട്ടി ഹാജി എന്ന ബാപ്പു ഹാജിയാണ് വീട് പണികഴിപ്പിച്ചത്. അദ്ദേഹം നാട്ടുകാരണവരും സുന്നി സംഘടനയുടെ മികച്ച പ്രവര്‍ത്തകനുമായിരുന്നു. ചേകന്നൂരിലെ വലിയ ജുമാഅത്ത് പള്ളിയുടെ സ്ഥലം വാങ്ങുന്നതിനും പള്ളി നിര്‍മിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കിയവരില്‍ പ്രധാനിയുമായിരുന്നു. പള്ളിയിലെ ഉസ്താദുമാര്‍ക്കും ദര്‍സിലെ വിദ്യാര്‍ഥികള്‍ക്കും ഭക്ഷണം നല്‍കിയിരുന്നത് അദ്ദേഹമായിരുന്നു. അക്കാലത്ത് സുന്നി സംഘടനയുടെ പ്രധാന നേതാക്കന്മാര്‍ മതപ്രഭാഷണങ്ങള്‍ക്ക് വന്നാല്‍ ഈ തറവാട്ടിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.
പതി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ളവരെല്ലാം ഇവിടുത്തെ നിത്യസന്ദര്‍ശകരായിരുന്നു. മാസം തോറും ഈ വീട്ടില്‍ മൗലീദ് പാരായണവും റാത്തീബും എല്ലാം നടന്നു വന്നിരുന്നു. റംസാന്‍ മാസത്തില്‍ വലിയ തോതില്‍ നോമ്പുതുറ സല്‍ക്കാരങ്ങളും നടത്തിയിരുന്നു. നാട്ടിലെ മദ്‌റസയില്‍ നിന്ന് മൊയ്തീന്‍കുട്ടി മൊല്ലയുടെ നേതൃത്വത്തിലും സ്‌കൂളില്‍ നിന്ന് ബാപ്പു മാസ്റ്ററുടെ നേതൃത്വത്തിലും കുട്ടികളും മുതിര്‍ന്നവരും സ്വലാത്ത് ചൊല്ലിക്കൊണ്ട് വരിവരിയായി വന്ന് കഞ്ഞികുടിച്ച് പോയിരുന്നതിന്റെ ഓര്‍മകള്‍ പഴമക്കാര്‍ ഇന്നും അയവിറക്കുന്നു
.
തെക്കിനി - പടിഞ്ഞാറ്റ - നാലുകെട്ട് - നടുമുറ്റം എന്നിങ്ങനെയാണ് ഈ വീടിന്റെ കിടപ്പ്. കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രമായിരുന്നു ഈ വീട് ഉണ്ടാക്കിയത്. റോഡുകളോ വാഹനങ്ങളോ ഇല്ലാതിരുന്ന കാലത്ത് വീട് പണിക്കുള്ള സാധനങ്ങള്‍ തലച്ചുമടായാണ് കൊണ്ടുവന്നത്. വീടിന്റെ തറ രണ്ടുമീറ്റര്‍ താഴചയില്‍ നിന്നാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്.
സിമന്റിന് പകരം രണ്ടാംതട്ട് പടുക്കാന്‍ ചെങ്കല്‍ പൂഴി തരിച്ചെടുത്ത് കല്ല് നന്നായി ചെത്തി ഒട്ടിച്ചിരിക്കുന്നു. മൂന്നാംതട്ടിന്റെ പടവിന് കല്‍കുമ്മായമാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന് 15-ല്‍ പരം മുറികളുണ്ട്. 15 വര്‍ഷം ആള്‍താമസം ഇല്ലാതിരുന്നിട്ടും വീടിന് കേടൊന്നും പറ്റിയിരുന്നില്ല.
ബാപ്പുഹാജിയുടെ ആറാമത്തെ മകന്‍ അബൂബക്കര്‍ മാസ്റ്ററും കുടുംബവുമാണ് ഇപ്പോള്‍ ഈ വീട്ടില്‍ താമസിക്കുന്നത്. ഭാര്യ ഫാത്തിമക്കുട്ടി. മക്കള്‍ ഫസീല, ശനൂജ, ഷബാന എന്നിവരുടെ പരിചരണത്തില്‍ മുതുമുറ്റത്ത് പാച്ചത്ത് തറവാട് നാട്ടുകാര്‍ക്കൊക്കെ വിസ്മയമായി നിലകൊള്ളുന്നു. ഇതൊരിക്കലും പൊളിച്ചു കളയില്ലെന്നാണ് മാസ്റ്ററും കുടംുബവും പറയുന്നത്.
മുതുമുറ്റത്ത് പാച്ചത്ത് തറവാടിന് നൂറു തികഞ്ഞതോടെ വരുന്ന ബലിപെരുന്നാളിന് വിപുലമായ കുടുംബസംഗമം നടത്താനുള്ള ഒരുക്കത്തിലാണ് ഇവര്‍. കുടുംബത്തിലെ വിഷമിക്കുന്നവരെ സഹായിക്കാനും നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കാനും വിപുലമായ പദ്ധതികള്‍ക്കാണ് മുതുമുറ്റത്ത് പാച്ചത്ത് തറവാട്ടുകാര്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."