കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന 371 വീടുകള്‍ പൂര്‍ത്തിയായി വരുന്നു: എം.എം ഹസന്‍
3,53,43,903 രൂപ
അക്കൗണ്ടില്‍ ലഭിച്ചു
തിരുവനന്തപുരം: പ്രളയബാധിതര്‍ക്കായി കെ.പി.സി.സി ഭവന നിര്‍മാണ പദ്ധതിയിലൂടെ നിര്‍മിച്ചു നല്‍കുന്ന 371 വീടുകള്‍ പൂര്‍ത്തികരിച്ചു വരികയാണെന്ന് മുന്‍ പ്രസിഡന്റ് എം.എം ഹസന്‍. പ്രളയബാധിതര്‍ക്കായി കോണ്‍ഗ്രസ് ചെയ്യുന്ന നല്ല പ്രവര്‍ത്തനത്തെ പ്രശംസിക്കാതെ മുഖ്യമന്ത്രി ഒളിയമ്പുകള്‍ അയക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്ര തുകയാണ് കിട്ടിയിട്ടുള്ളതെന്ന് ചോദിക്കാന്‍ മുട്ടുവിറയ്ക്കുന്ന ഡി.വൈ.എഫ്.ഐ സെക്രട്ടറിയാണ് കോണ്‍ഗ്രസിനെതിരേ ആരോപണമുന്നയിക്കുന്നത്. പ്രളയബാധിതരെ സഹായിക്കുന്നതില്‍ സര്‍ക്കാരിന്റെ ദയനീയ പരാജയം പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ അതു മറച്ചുവയ്ക്കാനാണ് ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഭവന പദ്ധതിക്കായി ഒരിടത്തും പിരിവ് നടത്തിയിട്ടില്ല. ശാസ്തമംഗലം ധനലക്ഷ്മി ബാങ്കില്‍ തുടങ്ങിയ പ്രത്യേക അക്കൗണ്ട് വഴി ലഭിച്ച സംഭാവനകളാണ് ധനശേഖരണം. അക്കൗണ്ടില്‍ ഇതുവരെ ലഭിച്ചത് 3,53,43,903 രൂപയാണെന്നും എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഈ ഫണ്ട് ഉപയോഗിച്ച് വിവിധ ജില്ലകളില്‍ 23 വീടുകളുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നു. ആലപ്പുഴയില്‍ നാലും എറണാകുളത്ത് ആറും വയനാട് ഏഴും ഇടുക്കിയില്‍ അഞ്ചും തിരുവനന്തപുരത്ത് ഒരു വീടിന്റെയും നിര്‍മാണമാണ് നടക്കുന്നത്. ഒരു കോടി 15 ലക്ഷം രൂപ നിര്‍മാണച്ചെലവിലേക്കായി ഗുണഭോക്താക്കള്‍ക്ക് നല്‍കിക്കഴിഞ്ഞു. കെ.പി.സി.സി ഫണ്ടില്‍ ലഭിച്ച തുകയില്‍ ഈ തുക കഴിച്ച് ബാക്കിവരുന്ന 2.38 കോടി രൂപ 47 വീടുകളുടെ നിര്‍മാണത്തിനായി വിവിധ ജില്ലകളിലേക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്. എറണാകുളത്ത് ഈ ഫണ്ട് ഉപയോഗിച്ച് പുതുതായി 25ഉം ആലപ്പുഴയില്‍ 20ഉം കോട്ടയം, കണ്ണൂര്‍, കൊല്ലം ജില്ലകളിലായി എട്ടും ഉള്‍പ്പെടെ 53 വീടുകള്‍ കൂടി നിര്‍മിക്കും. ഇപ്പോള്‍ ലഭിച്ച ഫണ്ട് ഉപയോഗിച്ച് 76 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. കര്‍ണാടക പി.സി.സി കെ.പി.സി.സി ഫണ്ടിലേക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ തുക കൂടി ലഭിച്ചാല്‍ 20 വീടുകള്‍ കൂടി നിര്‍മിക്കും. ആകെ 96 വീടുകള്‍ കെ.പി.സി.സി നിര്‍മിച്ചു നല്‍കുമെന്ന് എം.എം ഹസന്‍ വ്യക്തമാക്കി. 14 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 110 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. എറണാകുളം ജില്ലയിലെ വി.ഡി സതീശന്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, റോജി എന്‍. ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവരുടെ മണ്ഡലങ്ങളില്‍ 100 വീടുകള്‍ കൂടി നിര്‍മിക്കുന്നുണ്ട്. കെ.പി.എസ്.ടി.എ, കെ.എസ്.ടി വര്‍ക്കേഴ്‌സ് യൂനിയന്‍, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍, എന്‍.ജി.ഒ അസോസിയേഷന്‍, കേരള പവര്‍ ബോര്‍ഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍, കേരള കോ-ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട്, കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ വിവിധ ജില്ലകളിലായി 30 വീടുകള്‍ നിര്‍മിച്ചു നല്‍കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലും പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലുമായി 25 വീടുകള്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ മണ്ഡലത്തില്‍ 10 വീടുകള്‍ നിര്‍മിച്ചു നല്‍കും. കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് 371 വീടുകളാണ് ഒരുങ്ങുന്നത്. ഇതിന് ചെലവാകുന്ന തുക 18.55 കോടി രൂപയാണെന്നും എം.എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."