ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം
കാട്ടാക്കട: ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. പേരെകോണം കൈതകുഴി അനില ഭവന്‍ അനീഷിന്റെ ഭാര്യ അഖിലയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെ ഏഴു മണിയോടെ ദമ്പതികള്‍ വീട്ടില്‍ നിന്നു ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പരിശോധനക്കായി പുറപ്പെട്ടു. യാത്രക്കിടെ മൈലക്കരയില്‍ വച്ച് യുവതിക്ക് വയറു വേദന അനുഭവപ്പെട്ടു.
അനീഷ് ഉടന്‍ ബൈക്ക് നിര്‍ത്തി അഖിലയെ സമീപത്തെ വിശ്രമ കേന്ദ്രത്തില്‍ ഇരുത്തി. വാഹനമെത്തിക്കുന്നതിന് സുഹൃത്തുക്കളെ വിളിക്കുന്നതിനിടെ പ്രദേശവാസിയായ ഒരാള്‍ ഇവരുടെ അടുത്തെത്തി വിവരം തിരക്കി. ഇയാളാണ് വിവരം നെയ്യാര്‍ഡാം ഫയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ അറിയിച്ചത്. അല്‍പ നിമിഷത്തിനുള്ളില്‍ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സെത്തി. ആശുപത്രിയിലേക്ക് പോകുന്നതിനിടെ മഠത്തികോണത് വച്ച് യുവതിക്ക് വേദന കലശലായി. ആശുപത്രിയിലെത്തും മുന്‍പ് പ്രസവിക്കുമെന്ന് മനസിലായതോടെ ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തി. ആംബുലന്‍സിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് ബിജുകുമാറും ഡ്രൈവര്‍ രാജീവും ചേര്‍ന്ന് ദമ്പതികള്‍ക്ക് ധൈര്യം പകര്‍ന്നു.ശേഷം അനീഷിന് പ്രസവ ശുശ്രൂഷയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും അനീഷ് പ്രസവമെടുക്കുകയും ചെയ്തു. ശേഷം കാട്ടാക്കട മമല്‍ ആശുപത്രിയിലെത്തിച്ചാണ് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയത്.
ഉച്ചയോടെ അമ്മയെയും കുഞ്ഞിനെയും തൈക്കാട് ആശുപത്രിയിലേക്കു മാറ്റി. അമ്മയും കുഞ്ഞും അവിടെ സുഖമായിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."