സ്ഥാനാര്‍ഥി കുതിരപ്പുറത്തെത്തും; അകമ്പടിയായി ഒട്ടകങ്ങളും
നെടുമങ്ങാട്: സ്ഥാനാര്‍ഥി വോട്ടു തേടി വീടുകളില്‍ എത്തുന്നത് കുതിരപ്പുറത്താണ്. കുതിര തെരഞ്ഞെടുപ്പ് ചിഹ്നമൊന്നുമല്ല, സ്ഥാനാര്‍ഥിയുടെ കുതിരക്കമ്പമാണ് ഈ വ്യത്യസ്ത പ്രചാരണത്തിന് കാരണം.
സ്വതന്ത്ര സ്ഥാനാര്‍ഥിയായതുകൊണ്ട് വോട്ടുയാത്രയില് കൂടെയുള്ളത് രണ്ടു കുതിരകളും ഒട്ടകങ്ങളുമാണ്. കുതിരപ്പുറത്തെ സ്ഥാനാര്‍ഥിയെയും അകമ്പടി സേവിച്ചുള്ള കുതിരയുടെയും ഒട്ടകങ്ങളുടെയും പ്രചാരണയാത്ര വോട്ടര്‍മാര്‍ക്കും കൗതുക കാഴ്ചയാണ്.
നെടുമങ്ങാട് നഗരസഭയില്‍ പേരുമല വാര്‍ഡിലാണ് സ്വതന്ത്രനായി മത്സരിക്കുന്ന നെടുമങ്ങാട് പട്ടണത്തിലെ പാത്രക്കട വ്യാപാരി എസ്.എം ഇബിനു മൈക്കും വാഹനങ്ങളും ഫ്ളക്സ് ബോര്‍ഡുകളുമില്ലാതെ പ്രചാരണ രംഗത്ത് താരമായിരിക്കുന്നത്.
വ്യത്യസ്ത ഇനം പക്ഷി മൃഗാദികളെ വളര്‍ത്തുന്നത് ഇബിനുവിന്റെ ഹോബിയാണ്. കുതിരക്കമ്പം മൂത്ത് 2018ല്‍ ഹൈദ എന്ന ആണ് കുതിരയെ സ്വന്തമാക്കിക്കൊണ്ടാണ് മൃഗസ്നേഹം തെളിയിച്ചത്.
രാജസ്ഥാനില്‍ പോയി ഒട്ടകങ്ങളെയും വാങ്ങി. ഓട്ടോറിക്ഷയാണ് ഇബിനുവിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. കുതിര ചിഹ്നത്തിന് വേണ്ടി പരിശ്രമിച്ചെങ്കിലും ലഭിച്ചില്ല. നെടുമങ്ങാട്ടെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാരവാഹിയും കൂടിയാണ് ഇബിനു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."