തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ മെല്ലെപ്പോക്ക്
#മുഹമ്മദലി പേലേപ്പുറം
മലപ്പുറം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ മെല്ലെപ്പോക്ക്. ജൂണ്‍ 30ന് 15 ശതമാനവും സെപ്തംബര്‍ 30ന് 45 ശതമാനവും പദ്ധതി ചെലവ് കൈവരിച്ച് ഡിസംബര്‍ 31നകം 70 ശതമാനമെങ്കിലും പദ്ധതി നിര്‍ഹണം പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. എന്നാല്‍, കഴിഞ്ഞ ദിവസം വരെ 9.28 ശതമാനമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്. വകയിരുത്തിയ 6875.77 കോടിയില്‍ 638.04 കോടിയാണ് ചെലവിട്ടത്. കോര്‍പറേഷനുകളില്‍ 12.03 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 11.03 ശതമാനവുമാണ് പദ്ധതി നിര്‍ഹണം. ജില്ലാ പഞ്ചായത്തുകള്‍ 10.07 ശതമാനവും ഗ്രാമപഞ്ചായത്തുകള്‍ 8.36 ശതമാനവും ചെലവിട്ടു.
ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതി നിര്‍വഹണത്തില്‍ ഏറ്റവും കുറവുള്ളത്. 7.69 ശതമാനം മാത്രമാണ് അവയുടെ പദ്ധതി ചെലവ്. പദ്ധതി നിര്‍വഹണത്തിലെ കാര്യക്ഷമത ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നത്. ഈ വര്‍ഷം കുറഞ്ഞത് മൂന്നു തവണയെങ്കിലും പദ്ധതി അവലോകനം നടത്തണമെന്നും കലണ്ടര്‍ പ്രകാരം നിര്‍വഹണം കാര്യക്ഷമമാക്കാനുള്ള ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പദ്ധതി നിര്‍വഹണത്തിലെ തടസങ്ങള്‍ പരിഹരിക്കാന്‍ അപ്പപ്പോള്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
അതേസമയം, സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് പണം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിരവധി തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതുമൂലം അംഗീകാരം വാങ്ങിയ വികസന പ്രവൃത്തികള്‍ ഒഴിവാക്കേണ്ട അവസ്ഥയിലാണ് പല തദ്ദേശ സ്ഥാപനങ്ങളും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 25നു ശേഷം ട്രഷറിയിലെത്തിയ എല്ലാ ബില്ലുകളും ക്യൂവില്‍ നിര്‍ത്തി ആ ബില്ലുകളുടെ തുകയും ഈ വര്‍ഷത്തെ സാമ്പത്തിക വിഹിതത്തില്‍നിന്ന് എടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2019-20ലെ പദ്ധതികള്‍ ഡിസംബറിനുള്ളില്‍ അംഗീകാരം വാങ്ങണമെന്ന നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപടികള്‍ ആരംഭിച്ചിരിക്കെയാണ് സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കുള്ള തുക വെട്ടിക്കുറച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ സാങ്കേതികാനുമതി നല്‍കിയ പദ്ധതികള്‍ സ്പില്‍ ഓവറായി തുടരാന്‍ അനുവദിച്ചിരുന്നു. പ്രളയവും ലോക്‌സഭാ തെരഞ്ഞെടുപ്പും നിപാ ബാധയും കാരണം പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ സ്പില്‍ ഓവറായ പദ്ധതികള്‍ തുടരാന്‍ ഫണ്ട് അനുവദിക്കാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിനെതിരേ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചില്ല. സര്‍ക്കാര്‍ നിലപാടിനെതിരേ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യാന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാരിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നും ഈ തീരുമാനം നിര്‍ത്തിവയ്ക്കണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."