റോഹിംഗ്യന്‍ മുസ്‌ലിംകളെ ഏകാന്ത ദ്വീപിലേക്ക് മാറ്റുന്നതിന് തുടക്കമിട്ട് ബംഗ്ലാദേശ്
ധാക്ക: മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമര്‍ശനം വകവയ്ക്കാതെ റോഹിംഗ്യന്‍ മുസ്‌ലിം അഭയാര്‍ഥികളെ യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഏകാന്ത ദ്വീപിലേക്ക് മാറ്റുന്ന പ്രക്രിയക്ക് ബംഗ്ലാദേശ് തുടക്കംകുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച 1,600 റോഹിംഗ്യന്‍ അഭയാര്‍ഥികളെ ബംഗാള്‍ ഉള്‍ക്കടലിലെ ഭാസന്‍ ചാര്‍ ദ്വീപിലേക്ക് മാറ്റിയതായി നാവികസേനാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ചിറ്റഗോങ് തുറമുഖത്തുനിന്നാണ് ഇവരെ കയറ്റിയയച്ചത്.
എന്നാല്‍ താല്‍പര്യമുള്ളവരെ മാത്രമേ ദ്വീപിലേക്ക് മാറ്റുന്നുള്ളൂവെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ വിശദീകരണം. നിലവില്‍ 10 ലക്ഷത്തിലേറെ അഭയാര്‍ഥികളാണ് കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നത്. ക്യാംപുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.
20 വര്‍ഷം മുമ്പ് കടലില്‍ ഉയര്‍ന്നുവന്ന ദ്വീപാണ് ഭാസന്‍ ചാര്‍. ഇവിടെ ഏതു നിമിഷവും പ്രളയമുണ്ടാകാമെന്നും കടലെടുക്കാമെന്നും വിദഗ്ധരും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പു നല്‍കുന്നു.
സര്‍ക്കാര്‍ ഒരാളെയും നിര്‍ബന്ധിച്ച് ദ്വീപിലേക്ക് വിടുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രി അബ്ദുല്‍ മുഅ്മിന്‍ പറയുന്നത്. എന്നാല്‍ അഭയാര്‍ഥികളെ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയാണെന്നും തന്റെ കുടുംബത്തിന് പോകാന്‍ താല്‍പര്യമില്ലെന്നും പോയാല്‍ പ്രളയത്തില്‍ പെട്ട് മരിക്കുമെന്നും ഒരു വനിത അല്‍ജസീറയോടു പറഞ്ഞു.
അവിടെ നാലുപേര്‍ക്കു വരെ താമസിക്കാവുന്ന റൂമുകളും 20 ബെഡുള്ള രണ്ട് ആശുപത്രികളും ഒരു പൊലിസ് സ്റ്റേഷവും ഉണ്ടെന്ന് അധികൃതര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ഭീഷണിയും പ്രലോഭനവും വഴിയാണ് അഭയാര്‍ഥികളെ ദ്വീപിലേക്ക് കൊണ്ടുപോകുന്നതെന്നും പണം നല്‍കാമെന്ന് വാഗ്ദാനമുണ്ടെന്നും രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മാസങ്ങളോളം കടലില്‍ കുടുങ്ങിയ 300 അഭയാര്‍ഥികളെ ഈവര്‍ഷമാദ്യം ദ്വീപിലെത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."