ബംഗാള്‍ സ്വദേശിനിയായ 15കാരിയെ ബന്ധു കുത്തിക്കൊന്നു
തിരൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നു ബംഗാള്‍ സ്വദേശിനിയായ 15കാരിയെ ബന്ധുവായ യുവാവ് കുത്തിക്കൊലപ്പെടുത്തി. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു.
തിരൂര്‍ മുത്തൂര്‍ വിഷുപ്പാടത്തിനു സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി സാത്തി ബീവിയുടെ മകള്‍ സാമിന ഖാത്തൂനിനെ(15)യാണ് പിതാവിന്റെ ബന്ധുകൂടിയായ ഷാ ദത്ത് ഹുസൈന്‍ (24) കുത്തിക്കൊലപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മാസങ്ങളായി മുത്തൂരിലെ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. ഈയിടെ കോഴിക്കോട്ടുള്ള യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇന്നലെ വീട്ടിലുള്ളവര്‍ ജോലിക്കുപോയ സമയത്തു മദ്യപിച്ചെത്തിയ ഷാ ദത്ത് പെണ്‍കുട്ടിയോടു വിവാഹാഭ്യര്‍ഥന നടത്തുകയും നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതു നിരസിച്ചതോടെ രോഷാകുലനായ യുവാവ് കൈയിലുണ്ടായിരുന്ന കത്തിയെടുത്തു പെണ്‍കുട്ടിയെ കുത്തുകയായിരുന്നു.
വലതു നെഞ്ചിലും വലതുഭാഗത്തും കുത്തേറ്റ് ഓടിയ പെണ്‍കുട്ടി മുറിയില്‍ വീണപ്പോള്‍ ഇടതുകാലിനും കുത്തി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.സംഭവശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അയല്‍വാസിയായ നഗരസഭാ കൗണ്‍സിലര്‍ സാബിറയുടെ ഭര്‍ത്താവ് മന്‍സൂറിന്റെ മുന്നിലകപ്പെട്ടു.
ദേഹത്തു രക്തം പുരണ്ടതിനാല്‍ എന്തോ പ്രശ്‌നമുണ്ടെന്ന ധാരണയില്‍ മന്‍സൂര്‍ യുവാവിനെ സൂത്രത്തില്‍ തന്റെ ബൈക്കില്‍ കയറ്റി സുഹൃത്തായ കൈനിക്കര വഹാബിന്റ വീട്ടിലെത്തിച്ചു. ഇരുവരും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. തുടര്‍ന്നു തിരൂര്‍ പൊലിസില്‍ വിവരമറിയിക്കുകയും പൊലിസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."