ജുമുഅ നിസ്‌കാരത്തിനെത്തിയവരെ കാന്തപുരം വിഭാഗവും പൊലിസും ചേര്‍ന്ന് മര്‍ദിച്ചു
അരീക്കോട് (മലപ്പുറം): ജുമുഅ നിസ്‌കാരത്തിനെത്തിയവരെ കാന്തപുരം വിഭാഗവും പൊലിസും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഇന്നലെ 12.30ഓടെയാണ് എ.പി വിഭാഗത്തിന്റെയും പൊലിസിന്റെയും നേതൃത്വത്തില്‍ അരീക്കോട് വാലില്ലാപുഴ പള്ളിയില്‍ അക്രമം അഴിച്ചുവിട്ടത്. മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് യാതൊരു പ്രകോപനവുമില്ലാതെ നിസ്‌കാരത്തിനെത്തിയവരെ മര്‍ദിച്ചത്. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. 16 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
പള്ളി എ.പി വിഭാഗത്തിന്റേതാക്കി മാറ്റാനുള്ള ശ്രമത്തിനെതിരേ നാട്ടുകാര്‍ സംഘടിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച അരീക്കോട് പൊലിസ് സ്റ്റേഷനില്‍ ഇരുവിഭാഗത്തെയും വിളിച്ചുചേര്‍ത്ത് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. പള്ളിയുടെ കൈകാര്യങ്ങളിലുള്ള അവകാശം 1976 മുതല്‍ തുടര്‍ന്നു പോന്നിരുന്ന രീതിയില്‍ തന്നെയാവണമെന്ന് നാട്ടുകാര്‍ അറിയിച്ചെങ്കിലും എ.പി വിഭാഗം ഇതിന് തയാറായില്ല. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ വിഷയത്തില്‍ ഇടപെട്ട് പള്ളി ഏറ്റെടുത്തിരുന്നെങ്കിലും രാഷ്ട്രീയ നീക്കങ്ങളിലൂടെ എ.പി വിഭാഗം പള്ളി പിടിച്ചെടുക്കുകയായിരുന്നു.
മഹല്ലില്‍ ആരെങ്കിലും മരിച്ചാല്‍ മറവ് ചെയ്യണമെങ്കില്‍ എ.പി വിഭാഗത്തിന് അപേക്ഷ നല്‍കണമെന്നും ഈ അപേക്ഷ സ്വീകരിക്കാനും നിരസിക്കാനുമുള്ള അവകാശം കമ്മിറ്റിക്കുണ്ടെന്ന തരത്തിലായിരുന്നു പുതിയ രജിസ്റ്റര്‍ പ്രകാരം ഉണ്ടാക്കിയ തീരുമാനങ്ങള്‍. ഇതിനെ ചോദ്യം ചെയ്തപ്പോഴെല്ലൊം പൊലിസിനെ ഉപയോഗിച്ച് എ.പി വിഭാഗം അക്രമം നടത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ ജുമുഅ നിസ്‌കാരത്തിന് പള്ളിയിലെത്തിയ നാട്ടുകാരോട് പുറത്തിറങ്ങാന്‍ എ.പി വിഭാഗം ആവശ്യപ്പെട്ടെങ്കിലും നിസ്‌കരിക്കാതെ തിരിച്ചുപോവില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ഇതോടെ അന്‍പതോളം പൊലിസുകാര്‍ പള്ളിയിലേക്ക് ഇരച്ചുകയറി കാന്തപുരം വിഭാഗം ചൂണ്ടിക്കാണിച്ച ആളുകളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ് ഓടിയവരെ പൊലിസ് പിന്തുടര്‍ന്ന് അക്രമിച്ചു.
നിസ്‌കാരത്തിനെത്തിയ വിശ്വാസികളെ പൊലിസ് ബലമായി പിടിച്ചുകൊണ്ടുപോവുകയും കാന്തപുരം വിഭാഗക്കാരല്ലാത്തവരെയെല്ലാം പള്ളിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നവരെയും പൊലിസ് പള്ളിയില്‍ നിന്ന് ബലമായി പിടിച്ചിറക്കി. ഈ സമയം പൊലിസിനൊപ്പം ചേര്‍ന്ന് എ.പി വിഭാഗവും അക്രമം നടത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പള്ളിയില്‍ പ്രവേശിക്കാന്‍ എ.പി വിഭാഗവും പൊലിസും സമ്മതിക്കാതിരുന്നതോടെ നാട്ടുകാര്‍ റോഡരികില്‍ നിന്നാണ് നിസ്‌കരിച്ചത്.
1976ലാണ് വാലില്ലാപുഴ മുസ്‌ലിംജമാഅത്തെന്ന പേരില്‍ പള്ളി രജിസ്റ്റര്‍ ചെയ്തത്. ഇരുവിഭാഗം സുന്നികളും മുജാഹിദ് വിഭാഗവും ഒരുമിച്ചായിരുന്നു പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ എ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു കുടുംബം വ്യാജരേഖയുണ്ടാക്കി 2013ല്‍ പള്ളി കാരന്തൂര്‍ മര്‍കസിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
മാസങ്ങള്‍ക്ക് മുന്‍പാണ് എ.പി വിഭാഗത്തിന്റെ ഒത്താശയോടെ കുടുംബത്തിന്റെ നേതൃത്വത്തില്‍ പള്ളിയുടെ രജിസ്റ്റര്‍ മാറ്റിയതായി നാട്ടുകാര്‍ അറിയുന്നത്. ഇത് ചോദ്യം ചെയ്തതോടെയാണ് സമാധാനന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മഹല്ലില്‍ അക്രമങ്ങള്‍ക്ക് കാന്തപുരം വിഭാഗം നേതൃത്വം നല്‍കിയത്. ഇതിന് പൊലിസിന്റെ ഒത്താശയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
എല്ലാവിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന മഹല്ലില്‍ പള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നിരവധി എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ സമസ്തയില്‍ ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."