ഹൈദരാബാദില്‍ സഖ്യഭരണം? ടി.ആര്‍.എസ് 55; ബി.ജെ.പി 48; എ.ഐ.എം.ഐ.എം 44
ഹൈദരാബാദ്: അമിത് ഷാ അടക്കമുള്ള പ്രമുഖരെ പ്രചാരണത്തിനെത്തിച്ചു ബി.ജെ.പി വെല്ലുവിളി ഉയര്‍ത്തിയ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയത് ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്). എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളുണ്ടായിരുന്ന ടി.ആര്‍.എസ് ഇത്തവണ 55ലേക്കു ചുരുങ്ങി. ഇതോടെ, ഭരണം നിലനിര്‍ത്താന്‍ ഇവര്‍ക്ക് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ പിന്തുണ വേണ്ടിവരും.
150 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 48 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ടി.ആര്‍.എസിന്റെ സിറ്റിങ് സീറ്റുകളാണ് ബി.ജെ.പി പിടിച്ചത്. അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ 44 സീറ്റുകളോടെ മൂന്നാം സ്ഥാനത്തെത്തി. ഇവര്‍ക്കു തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിട്ടില്ല. കോണ്‍ഗ്രസിന് രണ്ടു സീറ്റുകളാണ് ലഭിച്ചത്.കൊവിഡ് ഭീഷണി കാരണം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ് 99 സീറ്റുകളും എ.ഐ.എം.ഐ.എം 44 സീറ്റുകളും ബി.ജെ.പി നാലു സീറ്റുമാണ് നേടിയിരുന്നത്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണയും രണ്ടു സീറ്റുകളാണുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തമേറ്റ് തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഢി രാജിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."