എന്താണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം
ആസ്‌ത്രേലിയക്കെതിരായ ആദ്യ ടി20യില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍. ബാറ്റിങിനിടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ട് പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു ഫീല്‍ഡിങിനു ഇറങ്ങാന്‍ കഴിയാതിരുന്നതോടെയാണ് മാച്ച് റഫറിയുടെ അനുമതിയോടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇന്ത്യ ചഹലിനെ കളിപ്പിച്ചത്.
നേരത്തേ പ്ലെയിങ് ഇലവനില്‍ താരം ഉള്‍പ്പെട്ടിരുന്നില്ല. 2016 സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലാണ് ഐ.സി.സിയുടെ അനുമതിയോടെ ആദ്യമായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം പരീക്ഷിക്കുന്നത്. പിന്നാലെ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിലും നിയമം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ഇതിനു വലിയ സ്വീകാര്യത ലഭിച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലും ഐ.സി.സി ഈ നിയമം കൊണ്ടു വരികയായിരുന്നു. പന്ത് ഹെല്‍മറ്റില്‍ കൊണ്ട് ഓസീസിന്റെ മുന്‍ താരം ഫില്‍ ഹ്യൂസ് മരണപ്പെട്ടതോടെ കളിക്കാരുടെ സുരക്ഷ മുന്നില്‍ കണ്ട് ഐ.സി.സി നിയമത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
2019 ആഗസ്റ്റ് ഒന്നു മുതലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ഈ നിയമത്തില്‍ അതാത് മല്‍സരം നിയന്ത്രക്കുന്ന മാച്ച് റഫറിക്കാണ് പരാമധികാരമെന്നു പറയാം. കാരണം മാച്ച് റഫറിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഒരു താരത്തെ ഉള്‍പ്പെടുത്താന്‍ ടീമിന് അനുവാദമുള്ളൂ. മാത്രമല്ല പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ബൗളിങ്, ബാറ്റിങ് എന്നിവ ചെയ്യണമെങ്കിലും മാച്ച് റഫറിയുടെ അനുമതി വേണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ഈ നിയമം പരീക്ഷിച്ചത് ഓസ്‌ട്രേലിയയാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു ഇത്. അന്ന് പരുക്കേറ്റ് വീണ സ്റ്റീവ് സ്മിത്തിനു പകരം മാര്‍നസ് ലബ്യുഷെയ്ന്‍ ക്രീസിലെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."