തീകൊണ്ടാണ് മുടിവെട്ട്; അതും കണ്ണടച്ച്
കൊച്ചി: കണ്ണടച്ചുവച്ചു മുടിവെട്ടുക, അതും കത്രിക ഉപയോഗിച്ചല്ല, തീ ഉപയോഗിച്ച്.. കേരളത്തിനപരിചിതമായ മുടിവെട്ടുമായാണ് രാജ്യാന്തര ഹെയര്‍ ഡിസൈനര്‍ ഹാരിഷ് ഭാട്ടിയ കൊച്ചിയിലെത്തിയത്.
ഗിന്നസ് ബുക്കിലൂടെയും ബിലീവ് ഇറ്റ് ഓര് നോട്ട് എന്ന പരിപാടിയിലൂടെയും ആഗോള ശ്രദ്ധനേടിയിട്ടുള്ള ഹാരിഷ് ഭാട്ടിയ, എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടത്തിയ പരിപാടിക്കു സാക്ഷികളായി ആയിരങ്ങളെത്തി. കേരളത്തിലെ ഹെയര്‍ ഡിസൈനര്‍മാര്‍ക്കായി സിറ്റി കളക്ഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. തീ കത്തിച്ചു മുടിവെട്ടുന്ന രീതി ആദ്യമായി അവതരിപ്പിച്ച ഹാരിഷ്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന ഹെയര്‍ ഡിസൈനര്‍മാരില്‍ മുന്നിലാണ്.
50,000 രൂപവരെ പ്രതിഫലംപറ്റി മുടിവെട്ടിയിട്ടുണ്ട്. സച്ചിന് തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരുടെയും ഹോളിവുഡ് താരങ്ങളുടെയും ഹെയര്‍ ഡിസൈനര്കൂടിയാണ്.
പ്രൊഫഷണലായി ഹെയര്‍ ഡിസൈനിങ് പരിശീലിച്ചിട്ടില്ലാത്ത ഇദ്ദേഹം ഒന്‍പതാം വയസിലാണ് വ്യത്യസ്ത രീതികള്‍ പരിശീലിച്ചു തുടങ്ങിയത്.
മുംബൈയില്‍ ഹെയര്‍ ഡിസൈനിങ് അക്കാദമിയും നടത്തുന്നുണ്ട്. ബ്യൂട്ടീഷന്മാരെ ബോധവല്‍ക്കരിക്കുന്നതിനായി ഓരോ വര്‍ഷവും ഇത്തരത്തില്‍ നൂറിലേറെ സെമിനാറുകള്‍ നടത്തിവരുന്നതായി സിറ്റി കളക്ഷന്‍ സാരഥി അനില്‍ ജോബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."