പൂര്‍വസൂര്യം 28ന്
എരുമപ്പെട്ടി: വേലൂര്‍ ഗവ.രാജാ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പൂര്‍വസൂര്യം 2017 മെയ് 28 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 92 വര്‍ഷം പൂര്‍ത്തികരിച്ച വേലൂര്‍ ഗവ. രാജാ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ അധ്യാപകരെയും പൂര്‍വ വിദ്യാര്‍ഥികളെയും പൂര്‍വസൂര്യത്തില്‍ ആദരിക്കും.
സ്‌കൂളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പഠനത്തിന് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായങ്ങള്‍ നല്‍കുക, രോഗ പീഢകളാല്‍ വലയുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് സമാശ്വാസം നല്‍കുക, നാടന്‍ കലാമേളകള്‍, സാഹിത്യ സംവാദ വേദികള്‍ സാംസ്‌കാരിക സായാഹ്നങ്ങള്‍ തുടങ്ങി നിരവധി സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന പങ്കുചേരുന്നുണ്ട്. കേരള വ്യവസായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പൂര്‍വസൂര്യം 2017 ഉദ്ഘാടനം ചെയ്യും. പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ടി.ആര്‍ ഷോബി അധ്യക്ഷനാകും. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, സിനിമ സംവിധായകന്‍ അമ്പിളി, സിനി ആര്‍ടിസ്റ്റ് രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത് സംസാരിക്കും. വേലൂര്‍ സ്‌കൂളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന ഭാരവാഹികളായ ടി.ആര്‍ ഷോബി, സുരേഷ് പുതുക്കുളങ്ങര, കെ.ആര്‍ പരമേശ്വരന്‍, സി.എഫ് ജോണ്‍ ജോഫി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."