ലിനിയുടെ അന്ത്യാഭിലാഷം നിറവേറുന്നു; മക്കള്‍ വെള്ളിയാഴ്ച ബഹ്‌റൈനിലെത്തും
#ഉബൈദുല്ല റഹ്മാനി
മനാമ: നിപാ പനി ബാധയില്‍ രക്തസാക്ഷിയായ സിസ്റ്റര്‍ ലിനിയുടെ അന്ത്യാഭിലാഷമായ മക്കളുടെ ബഹ്‌റൈന്‍ യാത്ര ഒടുവില്‍ സഫലമാകുന്നു. ലിനിയുടെ മക്കളായ റിതുലും സിദ്ധാര്‍ഥും മുന്‍ ബഹ്‌റൈന്‍ പ്രവാസി കൂടിയായ അച്ഛന്‍ സജേഷിനൊപ്പം വ്യാഴാഴ്ച ബഹ്‌റൈനിലെത്തും. തുടര്‍ന്ന് ജൂലൈ 12ന് വെള്ളിയാഴ്ച ബഹ്‌റൈനിലെ 'ഒരുമ സാംസ്‌കാരികവേദി' സംഘടിപ്പിക്കുന്ന 'സിസ്റ്റര്‍ ലിനി സ്‌നേഹ സ്മൃതി' യില്‍ അവര്‍ പങ്കെടുക്കും.
പ്രവാസി സമൂഹം ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയില്‍ ബഹ്‌റൈനിലെ വിവിധ ഹോസ്പിറ്റലുകളിലെ 10 നഴ്‌സുമാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുമെന്ന് പ്രോഗ്രാമിന്റെ സംഘാടകര്‍ മനാമയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ ബഹ്‌റൈന്‍ പ്രവാസി കൂടിയായ ഭര്‍ത്താവ് സജേഷ് മക്കളെയും ബഹ്‌റൈനിലേക്ക് കൊണ്ടുപോകണമെന്നതായിരുന്നു ലിനിയുടെ അന്ത്യാഭിലാഷം.
താന്‍ മരിക്കുമെന്നുറപ്പായപ്പോള്‍ പ്രാണനൊമ്പരത്തോടെ ഭര്‍ത്താവിന് ഈ ആവശ്യമുന്നയിച്ച് എഴുതിയ കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ ലിനിയുടെ മരണ ശേഷം ബഹ്‌റൈനിലെ ജോലി വിട്ട് നാട്ടിലെത്തിയ സജേഷിന് കേരള ഗവണ്‍മെന്റ് ജോലി നല്‍കിയതോടെ ലിനിയുടെ ആ അന്ത്യാഭിലാഷം ബാക്കിയായി.
ഈ സാഹചര്യത്തിലാണ് ബഹ്‌റൈനില്‍ സജേഷ് അംഗമായിരുന്ന 'ഒരുമ'യുടെ പ്രവര്‍ത്തകര്‍ സജേഷിന്റെയും ലിനിയുടെയും മക്കള്‍ക്ക് ബഹ്‌റൈന്‍ സന്ദര്‍ശിക്കാന്‍ ഒരവസരം ഒരുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജൂലൈ 11ന് സജേഷും മക്കളായ റിതുല്‍ (7), സിദ്ധാര്‍ഥ് (4), ലിനിയുടെ മാതാവ് രാധാ നാണു എന്നിവര്‍ ബഹ്‌റൈനിലെത്തുമെന്നും തുടര്‍ന്ന് ഇവര്‍ പങ്കെടുക്കുന്ന വിപുലമായ പോഗ്രാം 'സിസ്റ്റര്‍ ലിനി സ്‌നേഹ സ്മൃതി' ജൂലൈ 12ന് രാത്രി 7മണിക്ക് ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ബഹ്‌റൈന്‍ ഇന്ത്യന്‍ ക്ലബിന്റെ സഹകരണത്തോടെ കോണ്‍വെക്‌സ് ഇവെന്റ്‌സുമായി ചേര്‍ന്നാണ് ഒരുമ സാംസ്‌കാരികവേദി പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രമുഖ പിന്നണി ഗായകരായ അജയ്‌ഗോപാല്‍ ,സിന്ധു പ്രേംകുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, ദിനേശ് മാവൂര്‍, സിസ്റ്റര്‍ ലിനിയുടെ രേഖചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കുന്ന സാന്‍ഡ് ആര്‍ട്ട് എന്നിവയും ഉണ്ടായിരിക്കും.
കൂടാതെ ബഹ്‌റൈനില്‍ വിവിധ ആശുപത്രികളില്‍ ജോലിചെയ്തുവരുന്ന പത്ത് നഴ്‌സുമാരെ, രാഷ്ട്രം ഫ്‌ളോറിന്‍സ് നൈറ്റിംഗേല്‍ ആയി പ്രഖ്യാപിച്ച സിസ്റ്റര്‍ ലിനിയുടെ പേരില്‍ ആദരിക്കുമെന്നും സംഘാടകര്‍ വിശദീകരിച്ചു.
പരിപാടിയുടെ വിജയത്തിനായി ബഹ്‌റൈനിലെ സാമൂഹിക സംഘടന പ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉള്‍പെടുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സവിനേഷ്, അവിനാഷ്, സനീഷ്, ജയേഷ്, ഗോപാലന്‍, പവിത്രന്‍, ചെമ്പന്‍ ജലാല്‍, സുബൈര്‍ കണ്ണൂര്‍, യു. കെ ബാലന്‍, ബവിലേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."