വ്യത്യസ്ത കേസുകളിലായി 19 സംസ്ഥാനങ്ങളില്‍ സി.ബി.ഐ റെയ്ഡ്
ന്യൂഡല്‍ഹി: അഴിമതി, ആയുധക്കടത്ത്, ക്രിമിനല്‍ ദുരുപയോഗം തുടങ്ങിയ വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് 19 സംസ്ഥാനങ്ങളിലെ 110 സ്ഥലങ്ങളില്‍ സി.ബി.ഐ തിരച്ചില്‍ നടത്തി.
പ്രതിപക്ഷ നേതാക്കളായ മായാവതി, കോണ്‍ഗ്രസിലെ ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരുമായി ബന്ധപ്പെട്ട അഴിമതി ഉള്‍പ്പെടെയുള്ള വിവിധ കേസുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
റെയ്ഡുമായി ബന്ധപ്പെട്ട് 30 കേസുകളെടുത്തതായും സി.ബി.ഐ അറിയിച്ചു. ബി.എസ്.പി അധ്യക്ഷ മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് പഞ്ചസാര ഫാക്ടറിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടത്തിയെന്നും ലഖ്‌നൗവിലും ഡല്‍ഹിയിലും ഉള്ള ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് .
ഹരിയാന മുഖ്യമന്ത്രിയായിരിക്കെ ഭൂപീന്ദര്‍ സിങ് ഹൂഡ നടത്തിയ ഭൂമി ഇടപാടില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. ഏപ്രിലില്‍ ആറ് പ്രാഥമിക അന്വേഷണങ്ങള്‍ നടത്തിയതില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയില്‍ 11 കോടി രൂപ വിലവരുന്ന 980 ഏക്കര്‍ ഭൂമി മുംബൈ സ്വദേശിയായ വ്യവസായിക്കു വിറ്റതിനു പിന്നില്‍ വ്യാപക ക്രമക്കേടുള്ളതായി സി.ബി.ഐ പറയുന്നു. രാജസ്ഥാനില്‍നിന്ന് യുവതിയെ കാണാതായത്, 13 ഭവന വായ്പകളിലൂടെ എസ്.ബി.ഐയുടെ ഹരിദ്വാര്‍ ശാഖയില്‍നിന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്ത കേസ് സംബന്ധിച്ചും റെയ്ഡ് നടത്തി. ജമ്മുകശ്മിരില്‍ 2012-2016 കാലത്ത് നടന്ന ആയുധ ലൈസന്‍സിന്റെ മറവിലുണ്ടായ ക്രമക്കേടാണ് മറ്റൊരു റെയ്ഡിന് ഇടയാക്കിയതെന്ന് സി.ബി.ഐ പറയുന്നു.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."