നടുവില്‍ക്കരയില്‍ ഇടിമിന്നലില്‍ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു
വാടാനപ്പള്ളി: ഇന്നലെ രാവിലെ ഏഴു മണിയോടെ നടുവില്‍ക്കരയിലും സമീപ പ്രദേശത്തും ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വീട്ടമ്മക്ക് പൊള്ളലേറ്റു. നടുവില്‍ക്കരയില്‍ വ്യാപക നാശനഷ്ടം. നടുവില്‍ക്കര പാലത്തിന്ന് വടക്കുഭാഗം താമസിക്കുന്ന ആലത്തി കൊച്ചുമോന്റെ ഭാര്യ ലളിത (58)ക്കാണ് കഴുത്തിനു താഴെ പുറകുവശത്ത് പൊള്ളലേറ്റത്. ലളിതയുടെ ശരീരം കരിവാളിക്കുകയും ചെയ്തിട്ടുണ്ട്. അയല്‍ വാസികളായ തുയ്യത്ത് സുബ്രഹ്മുണ്യന്‍, ആലത്തി ദാമോദരന്‍, വെള്ളാനി മോഹനന്‍, രായംമരക്കാര്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ്, വലിയകത്ത് ജയന്‍, ബിന്ദു ശശികുമാര്‍ എന്നിവരുടെ വീടുകളിലെ ടെലിവിഷനും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കേബിളുകള്‍ എന്നിവ നശിക്കുകയും ചെയ്തു.നടുവില്‍ക്കര സ്വദേശികളായ ദാമോദരന്റെ ഭാര്യ ലത, കുഞ്ഞിമുഹമ്മദിന്റെ ഭാര്യ സഈദ, ബിന്ദു ശശികുമാര്‍ എന്നിവര്‍ക്ക് ഇടിമിന്നലില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ലളിതയും ഭര്‍ത്താവ് കൊചുമോനും വീടിന്റെ മുന്‍ വശത്ത് സിറ്റൗട്ടില്‍ ഇരിക്കുന്ന സമയത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കൊച്ചുമോന്റെ വീടിനോട് ചേര്‍ന്ന തെങ്ങിനും കവുങ്ങിനും ഇടിമിന്നലേല്‍ക്കുകയും തെങ്ങിന്റെയും കവുങ്ങിന്റേയും കൂമ്പ് കരിയുകയും ഇതില്‍ നിന്നുള്ള ഒരുഭാഗം ലളിതയുടെ ശരീരത്തില്‍ തട്ടിയാണ് ലളിതക്ക് പൊള്ളലേറ്റത്. ഇടിമിന്നലില്‍ കൊച്ചുമോന്റെ വീട്ടിലെ ഇലക്ട്രിക് കേബിളുകള്‍, ടി.വി കേബിള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് കേടുവരികയും വീടിന്റെ ഒരു വശത്തെ കോണ്‍ക്രീറ്റ് തകരുകയും വീടിന് വിള്ളല്‍ ഏല്‍ക്കുകയും ചെയ്തു. പ്രദേശത്തെ നിരവധി സ്ഥലങ്ങളില്‍ തെങ്ങുകള്‍ക്കും കവുങുകള്‍ക്കും ഇടിമിന്നലേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."