തീരദേശം വരള്‍ച്ചയുടെ പിടിയില്‍; കുടിവെള്ളത്തിനായി ജനം പരക്കം പായുന്നു
പുവാര്‍: പ്രളയം വഴിമാറുകയും വരള്‍ച്ച പിടിമുറുക്കുകും ചെയ്തതോടെ തീരദേശ മേഖലകളിലെ ജനം വെള്ളത്തിനായി നെട്ടോട്ടമോടുന്നു. അവസരം മുതലെടുത്ത് ജലമാഫിയകളും സജീവം. പുവാര്‍, പൊഴിയൂര്‍, കാഞ്ഞിരംകുളം, കരിംകുളം, അടിമലത്തുറ ഭാഗങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്.
കടലോര മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി കുടി വെള്ള പദ്ധതികള്‍ ഉണ്ടെങ്കിലും അവയൊന്നും നിവാസികള്‍ക്ക് വേണ്ട തരത്തില്‍ പ്രയോജനം ചെയ്യുന്നില്ലായെന്നാണ് പൊതുവേയുള്ള പരാതി.
കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് കടലോര മേഖലകളില്‍ ജലക്ഷാമം രൂക്ഷമാകാന്‍ ഇടയാക്കിയത്. മഴ മാറിയതോടെ പ്രദേശത്തുള്ള കിണറുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുകയും ക്രമേണ വറ്റി തുടങ്ങുകയുമാണ്. തുലാവര്‍ഷം വേണ്ട വിധം ലഭിച്ചില്ലായെങ്കില്‍ തീരദേശ മേഖല പൂര്‍ണമായും വരള്‍ച്ചയുടെ പിടിയിലാകും.
ചില പ്രദേശങ്ങളില്‍ ഒന്നും രണ്ടും ആഴ്ചകള്‍ കൂടുമ്പോള്‍ മാത്രമാണ് ജലം ലഭിക്കുന്നതെന്നും പരാതിയുണ്ട്. അതും കുറച്ചു മണിക്കൂറുകള്‍ മാത്രം. തുടര്‍ച്ചയായി പൈപ്പില്‍ ജലം എത്താത്തതിനാല്‍ പിന്നെ ലഭിക്കുന്ന വെള്ളത്തില്‍ തുരുമ്പൂറലും ഓരും ചെളിയുടെ നിറത്തിലാണ് ലഭിക്കുന്നത്. ഈ വെള്ളം മണിക്കൂറുകള്‍ വച്ചാല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുളളു. അതും പാത്രങ്ങളുമായി കിലോ മീറ്ററുകള്‍ നടക്കണം.
പലപ്പോഴും പൈപ്പുകളില്‍ ജലം എത്തിച്ചേരുന്നത് രാത്രികാലങ്ങളിലാണ്. ഇതും ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. എ.വി.എം കനാല്‍, കരിച്ചല്‍ കായല്‍, നെയ്യാര്‍ എന്നിവിടങ്ങളില്‍ പൊഴിക്കരയിലെ പൊഴി നിറഞ്ഞാല്‍ പിന്നെ കടല്‍ വെള്ളം കലരുകയും തുടര്‍ന്ന് പൈപ്പുകളില്‍ ലഭിക്കുന്ന വെള്ളം പൂര്‍ണമായും ഉപ്പുകലര്‍ന്ന വെള്ളമായിരിക്കും ലഭിക്കുക. ഈ വെള്ളം കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഉപയോഗിച്ചു കഴിഞ്ഞാല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടും എന്നുളള കാര്യത്തില്‍ ഒട്ടും തന്നെ സംശയമില്ല.
കാഞ്ഞിരംകുളം മേഖലയിലും കടുത്ത കുടിവെളള ഭീഷണി നേരിടുകയാണ്. കാഞ്ഞിരംകുളത്തിന്റെ ശാപമെന്നറിയപ്പെടുന്ന മലിനംകുളത്തി ന്റെ പണി തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായെങ്കിലും ഇതുവരെയും പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മലിനംകുളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വേനലിലും ജലസമൃദ്ധിയുള്ള നിരവധി കിണറുകള്‍ ഉണ്ടെങ്കിലും അതില്‍ നിന്നെല്ലാം ലഭിക്കുന്നത് മലിനജലമായിരിക്കും. കാരണം കുളത്തില്‍ വന്നടിയുന്ന മാലിന്യങ്ങളും വിവിധ അറവുശാലകളില്‍ നിന്നും കൊണ്ടു തള്ളുന്ന മാംസാവശിഷ്ടങ്ങളും മാലിന്യങ്ങളും നിമിത്തം ഈ കുളം ഏത് സമയത്തും മാലിന്യ പൂരിതമാണ് എന്നതു തന്നെ കാരണം.പുവാര്‍, കാഞ്ഞിരംകുളം, കരിംകുളം ഭാഗങ്ങളില്‍ ഏറെയും ജലം എത്തിക്കുന്നത് കരിച്ചല്‍ പദ്ധതിയില്‍ നിന്നുമാണ്. എന്നാല്‍ ഈ പദ്ധതി വേണ്ട തരത്തില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്നില്ല എന്നും പരാതിയുണ്ട്. ജലദൗര്‍ലഭ്യമുള്ള ഭാഗങ്ങളിലേയ്ക്ക് പമ്പ് ഹൗസില്‍ സജ്ജമാക്കിയിട്ടുള്ള വാല്‍വുകള്‍ കൃത്യമായി തുറക്കാത്തതാണ് കുടി വെള്ളം ലഭിക്കാത്തതിന് പ്രധാന കാരണങ്ങളില്‍ ഒന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."