മോഷണത്തിന് പുതിയ തന്ത്രങ്ങള്‍; വാക്കിനെ വിശ്വസിച്ച സണ്ണിക്ക് നഷ്ടമായത് പതിനെട്ടായിരം രൂപ
പഴുവില്‍: വാക്കില്‍ വിശ്വസിച്ച് ഉപകാരം ചെയ്യാന്‍ ആത്മാര്‍ഥത കാട്ടിയ പഴുവില്‍ പടിഞ്ഞാറ് ചാഴൂര്‍ റോഡിന് സമീപം താമസിക്കുന്ന സണ്ണി കാറ്ററിംഗ് ഉടമ ചിറയത്ത് ജോണ്‍ മകന് സണ്ണിക്ക് (47) പതിനെട്ടായിരം രൂപ നഷ്ടമായി. തിങ്കളാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യയുമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് പോയിരുന്ന സമയത്ത് സണ്ണിയുടെ വീട്ടിലേക്ക് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ രണ്ട് പേര് എത്തി. കിഴുപ്പിള്ളിക്കരയില്‍ വയസായ മാതാവിന്റെ ബന്ധു വീടിന് സമീപം താമസിക്കുന്ന ഐശുമ്മയുടെ മകനാണെന്ന് അമ്മയെ വിശ്വസിപ്പിച്ചു. 29 ന് വീട്ടില്‍ വിവാഹമാണെന്നും ആയിരത്ത് നാനൂറ് പേര്‍ക്ക് സദ്യ ഏല്പിക്കാനുമാണ് വന്നതെന്ന് പറഞ്ഞു.
ഇക്കാര്യം അമ്മ സണ്ണിയെ ഫോണില്‍ അറിയിക്കുകയും സദ്യ സണ്ണി ഏല്ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ നേരില്‍ കാണാമെന്നും പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വീണ്ടും ഇയാള്‍ ബന്ധപ്പെട്ടപ്പോഴും സണ്ണി സ്ഥലത്തുണ്ടായില്ല. അല്പം കഴിഞ്ഞ് ഇയാള്‍ വീണ്ടും സണ്ണിയെ വിളിച്ച് തനിക്ക് ഒരു ഉപകാരം ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. കല്ല്യാണ ക്ഷണവുമായി പൊന്നാനിക്ക് പുറപ്പെട്ടിരിക്കുകയാണെന്നും വീട്ടില്‍ രണ്ട് ലോഡ് മണ്ണ് ഈ സമയത്ത് വന്നിട്ടുണ്ടെന്നും പണം വീട്ടില്‍ കൊടുക്കാന്‍ മറന്നതിന്നാല് വണ്ടിക്കാര്‍ക്ക് പതിനെട്ടായിരം രൂപ നല്കിയാല് അഞ്ച് മണിയോടെ തിരിച്ച് നല്‍കാമെന്നും പറഞ്ഞു.
അല്പസമയത്തിന് ശേഷം രണ്ട് പേര് വീട്ടിലെത്തിയെങ്കിലും ഗുണ്ടകളെ പോലെ തോന്നുന്ന ഇവര്‍ക്ക് തന്നെയാണോ പണം നല്‍കേണ്ടതെന്ന് വിളിച്ചു ചോദിച്ച് ഉറപ്പ് വരുത്തിയാണ് പണം നല്‍കിയത്. അഞ്ച് മണിക്ക് ശേഷം പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സദ്യ ഏല്പിച്ചയാളെ വീണ്ടും വിളിച്ചപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടു. തുടര്‍ന്ന് സംശയം തോന്നിയ സണ്ണി കിഴുപ്പിള്ളിക്കരയിലെ ഐശുമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് അവിടെ കല്ല്യാണം ഇല്ലെന്നും മണ്ണടി നടന്നിട്ടില്ലെന്നും ബോധ്യമായത്. അന്തിക്കാട് പൊലിസില്‍ പരാതി നല്കി. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി അന്തിക്കാട് എസ്.ഐ സനീഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."