റഷ്യയില്‍ കൊവിഡ് പ്രതിരോധ വാക്സിന് വിതരണം തുടങ്ങി
മോസ്കോ: റഷ്യയില്‍ കൊവിഡ് പ്രതിരോധ വാക്സിന് വിതരണം ആരംഭിച്ചു. തലസ്ഥാനമായ മോസ്കോയിലെ ക്ലിനിക്കുകളിലൂടെയാണ് വിതരണം ആരംഭിച്ചത്.
റഷ്യയുടെ സ്വന്തം വാക്സിനായ സ്പുട്നിക് ഫൈവാണ് രോഗികള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യ സ്പുട്നിക്കിന്റെ രജിസ്ട്രേഷന് നടത്തിയത്. ഇത് 95 ശതമാനം ഫലപ്രദമാണെന്നും വലിയ പാര്‍ശ്വഫലങ്ങളൊന്നും വരുത്തുന്നില്ലെന്നും ഡവലപര്‍മാര്‍ പറയുന്നു. എന്നാല്‍ വാക്സിന് ഇപ്പോഴും വലിയ വിഭാഗം ആളുകളില്‍ പരീക്ഷിച്ചുവരികയാണ്.
സ്കൂളുകളിലും ആരോഗ്യമേഖലയിലും ജോലിചെയ്യുന്നവര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി നഗരത്തിലെ 13 ദശലക്ഷം പേര്‍ക്കായിരിക്കും വാക്സിന് വിതരണം ചെയ്യുകയെന്ന് മോസ്കോ മേയര്‍ സെര്‍ജെയ് സോബ്യാനിന്‍ അറിയിച്ചിരുന്നു. കൂടുതല്‍ വാക്സിന് ലഭ്യമാകുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
18നും 60നും ഇടയില്‍ പ്രായമുളളവര്‍ക്ക് നഗരത്തിലെ 70 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനിലൂടെ സൗജന്യകൂടിക്കാഴ്ച ബുക്ക് ചെയ്യാനാകും.
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ കുത്തിവയ്പ്പുകള്‍ സ്വീകരിച്ചവരോ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരോ വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും ഗര്‍ഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും വാക്സിന് നല്കുന്നതില് നിന്നും ഒഴിവാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."