വികസനത്തിന്റെ പാതയില്‍ ജില്ലാ ആശുപത്രി
കൊല്ലം: ജില്ലാപഞ്ചായത്തിന്റെ കരുതലില്‍ വികസനത്തിന്റെ വഴിയിലാണ് ജില്ലാ ആശുപത്രി. ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ കീമോതെറാപ്പി യൂനിറ്റ്, ഡയബറ്റിക്ക് റെറ്റിനാേപ്പതിക്ക് ക്ലിനിക്ക്, പബ്ലിക്ക് കംഫര്‍ട് സ്‌റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.
ഒപ്പം സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ശിലാസ്ഥാപനവും നടക്കും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകും.
കൊല്ലം മേയര്‍ വി. രാജേന്ദ്രബാബു, എന്‍.കെ പ്രേമചന്ദ്രന്‍.എം.പി, കെ. സോമപ്രസാദ് എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാല്‍ പങ്കെടുക്കും. എം.ആര്‍.ഐ സ്‌കാനിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ കീമോതെറാപ്പി ഒ.പിയും ഒന്നാം നിലയില്‍ കീമോ തെറാപ്പി യൂനിറ്റും പ്രവര്‍ത്തിക്കും.
സിവില്‍ വര്‍ക്ക്, ഉപകരണങ്ങള്‍, മരുന്ന് എന്നിവയ്ക്കായി 50 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ചിലവഴിച്ചത്.
കീമോതെറാപ്പി യൂനിറ്റിലേക്ക് കൊല്ലം റോട്ടറി ക്ലബ് ബയോസേഫ്റ്റി കാബിനറ്റും റസിഡന്‍സ് അസോസിയേഷന്‍ വാക്വം ക്ലീനറും സംഭാവന ചെയ്തിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് യൂനിറ്റ് പ്രവര്‍ത്തിക്കുക. കീമോതെറാപ്പി, ഐ.പി സര്‍വീസ്, മുന്‍കൂട്ടിയുള്ള കാന്‍സര്‍ രോഗനിര്‍ണയ പരിശോധന, ക്യാന്‍സര്‍ രോഗപഠന ഗവേഷണ സൗകര്യങ്ങള്‍, ന്യൂട്രോപീനയ ഐ.പി,ഒ.പി സര്‍വിസുകള്‍, പാലിയേറ്റീവ് സേവനങ്ങള്‍, ക്യാന്‍സര്‍ രോഗ പ്രതിരോധ ബോധവല്‍കരണ ക്ലാസുകള്‍ എന്നീ സേവനങ്ങളും കീമോതെറാപ്പി യൂനിറ്റില്‍ ലഭ്യമാണ്.
ജില്ലാ പഞ്ചായത്തിന്റെ മറ്റൊരു സുപ്രധാന പദ്ധതിയായ ജില്ലാ ആശുപത്രി,വിക്‌ടോറിയ ആശുപത്രി എന്നിവയ്ക്കായുള്ള മലിനജല സംസ്‌കരണ പ്ലാന്റിനായി 2,24,97,537 രൂപയാണ് ചിലവഴിക്കുന്നത്. 400 കെ.എല്‍.ഡി ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റിനായി കായംകുളം മൊളിക്യൂള്‍ എന്‍വിറോ കെയര്‍ എന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കണ്ണിന്റെ റെറ്റിനയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കായി ഡയബറ്റിക്ക് റെറ്റിനോപതിക്ക് ക്ലിനിക്ക്, പത്തുലക്ഷം ചിലവിട്ട് നിര്‍മിച്ച പബ്ലിക്ക് കംഫര്‍ട്ട് സ്‌റ്റേഷന്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള രോഗീ സൗഹൃദ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ജില്ലാ ആസുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. അജിത. വി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."