കുടിവെള്ള സ്രോതസുകള്‍ വൃത്തിയാക്കുന്നതില്‍ കാലതാമസം: യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു
തഴവ: ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശത്ത് കഴിഞ്ഞ പ്രളയക്കെടുതിയല്‍ മലിനീകരിക്കപ്പെട്ട നൂറുകണക്കിന് കിണറുകള്‍ വൃത്തിയാക്കുന്നതിലുണ്ടാകുന്ന കാലതാമസത്തില്‍ പ്രതിഷേധിച്ച് പാവുമ്പ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തഴവാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും സെക്രട്ടറിയേയും യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു.
കക്കൂസ് മാലിന്യങ്ങള്‍, ഭൂമിയുടെ മുകള്‍പ്പരപ്പില്‍ അടിഞ്ഞുകൂടി കിടന്നിരുന്ന മാലിന്യങ്ങള്‍, ഇറച്ചി, മത്സ്യ വേസ്റ്റുകള്‍ തള്ളുന്ന പ്രദേശങ്ങളിലെ അഴുക്കുവെള്ളം എന്നിവ വെള്ളപ്പൊക്ക സമയത്ത് കിണറുകളിലേക്ക് ഒഴുകി ഇറങ്ങിയിരുന്നു.
പൈപ്പ് കണക്ഷന്‍ വഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ ജലമാണ് ഈ പ്രദേശത്ത് പലകുടുംബങ്ങളും ആശ്രയിക്കുന്നത്. വേനല്‍ കടത്തതോടുകൂടി കുടിവെള്ളത്തിനു പോലും പൈപ്പ് വെള്ളം കിട്ടാതായിരിക്കുകയാണ്.
നാല്‍ക്കാലികളെ കുളിപ്പിക്കുന്നതിനോ തൊഴുത്തുകള്‍ വൃത്തിയാക്കുന്നതിന് പോലുമോ കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കിണര്‍ വൃത്തിയാക്കാന്‍ ഗ്രാമ പഞ്ചായത്ത് നേരിട്ട് സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ഒരുമാസം മുന്‍പ് പറഞ്ഞതാണ്. ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതാണ് കാരണമെന്ന അറിയുന്നതായി യൂത്തുകോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞദിവസം തഴവ ഗ്രാമപഞ്ചായത്ത് ഭരണസമിതി വേണ്ടത്ര ആലോചനകള്‍ നടത്താതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഗ്രാമപഞ്ചായത്തിന്റെ കരുതല്‍ ധനത്തില്‍ നിന്നും 61 ലക്ഷം രൂപ നല്‍കിയിരുന്നു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാനതലത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ് തഴവയിലെ ഇടതുപക്ഷ ഭരണസമിതി ഈ തുക ഗവണ്‍മെന്റിലേക്ക് നല്‍കിയിട്ടുള്ളത്. കിണറുകള്‍ വൃത്തിയാക്കി അവര്‍ക്കു നല്‍കുന്നതിന് 61 ലക്ഷം രൂപയുടെ ചെറിയൊരു പങ്ക് മാത്രം മതിയായിരുന്നു. പാവുമ്പയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചിട്ട് സംസ്ഥാന ഗവണ്‍മെന്റിന്റെ ഫണ്ടിലേക്ക് കൂടുതല്‍ പണം നല്‍കിയെന്ന ക്രെഡിറ്റ് സ്വന്തമാക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ചെയ്ത പ്രവൃത്തി തഴവയിലെ ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്ന് ഉപരോധ സമരം
ഉദ്ഘാടനം ചെയ്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. അനില്‍കുമാര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാവുമ്പ മണ്ഡലം പ്രസിഡന്റ് വിധു സുന്ദര്‍ അധ്യക്ഷനായി.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു.എസ് തൊടിയൂര്‍, പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറി സി.ഒ.കണ്ണന്‍, അഡ്വ: എം.എ ആസാദ്,രാജീവ് കള്ളേത്ത്, ചെറുകര സലിം, മോന്‍സി തോമസ്, സിനു ഡാനിയല്‍, ഇന്‍ന്ദ്രജിത്ത്, ഹുസൈന്‍ കൊപ്രത്ത്, ഹന്നാന്‍ മണപ്പള്ളി, സിജില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."