സൗകര്യങ്ങളില്‍ ഹാജിമാര്‍ സംതൃപ്തര്‍, കഠിന ചൂട്: തീര്‍ത്ഥാടകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു മുന്നറിയിപ്പ്
മദീന: മദീനയിലെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ ഹജ്ജ് മിഷന്‍ ഒരുക്കിയ സൗകര്യങ്ങളില്‍ സംതൃപ്തര്‍. ആദ്യ ഘട്ടത്തില്‍ മദീനയിലാണിപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ ഇറങ്ങുന്നത്. ഇവര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയ യാത്രാ സംവിധാനവും കെട്ടിട സൗകര്യങ്ങളും ഏറെ മികച്ചതാണെന്നും തങ്ങള്‍ സംതൃപ്തരാണെന്നും ഹാജിമാര്‍ പ്രതികരിച്ചു.
മദീനയില്‍ ഏര്‍പ്പെടുത്തിയ ചികിത്സ സംവിധാനങ്ങളും ആരോഗ്യ പരിപാലന സംവിധാനങ്ങളും കുറ്റമറ്റതാണെന്നും മലയാളികളടക്കമുള്ള ഇന്ത്യന്‍ ഹാജിമാര്‍ പറഞ്ഞു. മദീനയില്‍ ആദ്യ ദിനത്തിലെത്തടിയ തീര്‍ത്ഥാടകര്‍ അടുത്ത രണ്ടു ദിവസത്തിനുളില്‍ മക്കയിലേക്ക് തിരിച്ചു തുടങ്ങും. റൗദ സന്ദര്‍ശനവും മറ്റു ചരിത്ര സ്ഥലങ്ങളും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇവര്‍ ഇപ്പോള്‍ മദീനയില്‍ വിശ്രമത്തിലാണ്.
അതേസമയം, മദീനയിലും അടുത്ത ദിവസങ്ങളിലായി തീര്‍ത്ഥാടകര്‍ നീങ്ങുന്ന മക്കയിലും അനുഭവപ്പെടുന്ന കടുത്ത ചൂട് നേരിടാന്‍ തീര്‍ത്ഥാടകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇരു നഗരികളിലും 42 ഡിഗ്രിക്കടുത്തതും മുകളിലുമായാണ് ചൂട് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ ഇത് 47 ഡിഗ്രിക്ക് മുകളില്‍ വരെ ഏതാണ് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.
ചൂടിനെ പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങളുമായി ഹജ്ജ് മിഷനും വളണ്ടിയര്‍മാരും രംഗത്തുണ്ട്. നേരിടാന്‍ തീര്‍ത്ഥാടകര്‍ പ്രത്യകം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ തലചുറ്റല്‍, ചുമ, കഫക്കെട്ട് അടക്കമുള്ള രോഗങ്ങള്‍ വരുവാനും നിര്‍ജ്ജിലീകരണം മൂലം ആരോഗ്യത്തെ ബാധിക്കാനും കാരണമായേക്കും. ഇതിനാല്‍ തീര്‍ത്ഥാടനങ്ങളും ഉംറയും മറ്റു കാര്യങ്ങളും സൂര്യന്‍ അസ്തമിച്ച ശേഷമേ ചെയ്യാവൂ എന്നും കയ്യില്‍ എപ്പോഴും കുടിവെള്ളം കരുതണമെന്നും മുന്നറിയിപ്പുണ്ട്. ശരീരത്തില്‍ നിന്നും വെള്ളം നല്ലവണ്ണം പോകുന്നതിനാല്‍ ദാഹമില്ലെങ്കിലും വെള്ളം കുടിച്ചു കൊണ്ടേയിരിക്കണം.
എന്നാല്‍, ഏത് സമയത്തുമെത്തുന്ന ഹാജിമാര്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നുകളുമടക്കം ഏതു സാഹചര്യങ്ങളെയും നേരിടാനുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി വിവിധ ഗേറ്റുകള്‍ക്കരികെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറികളും സജ്ജമാണ്. ഇത് കൂടാതെ, സഊദി റെഡ് ക്രസന്റ് ആശുപത്രി, അത്യാഹിത വിഭാഗത്തിനുള്ള സംവിധാനങ്ങള്‍ എന്നിവയും മദീനയില്‍ സജ്ജമാണ്.
ഇതിനകം ഇന്ത്യയില്‍ നിന്നും മലാളികളടക്കം പതിനയ്യായിരത്തിലധികം തീര്‍ത്ഥാടകരാണ് മദീനയില്‍ എത്തിച്ചേനിരിക്കുന്നത്. ഇതോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവും ശക്തമായി. മദീന, ജിദ്ദ വിമാനത്താവളങ്ങള്‍ വഴിയാണ് വിദേശ രാജ്യങ്ങളിലെ ഹാജിമാര്‍ വ്യോമ മാര്‍ഗ്ഗം എത്തിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."