ലോറി നിയന്ത്രണംവിട്ടു മരത്തിലിടിച്ച് മഹാരാഷ്ട്ര സ്വദേശി മരിച്ചു
പൊയിനാച്ചി (കാസര്‍കോട്): കൊച്ചിയില്‍നിന്നു ടയറുമായി ഗുജറാത്തിലേയ്ക്കു പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ടു മരത്തിലിടിച്ചു മറിഞ്ഞു. അപകടത്തില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവ് മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ പൊയിനാച്ചിക്കടുത്ത മയിലാട്ടിയിലായിരുന്നു സംഭവം.
ലോറി ഡ്രൈവര്‍ സുനില്‍ (27) ആണ് മരിച്ചത്. സഹായിയായി ലോറിയിലുണ്ടായിരുന്ന ലക്ഷ്മണ (24)യ്ക്കാണ് പരുക്കേറ്റത്. വിവരമറിഞ്ഞു കാസര്‍കോട്ടുനിന്നു ഫയര്‍ഫോഴ്സും ബേക്കല്‍ പൊലിസും സ്ഥലത്തെത്തി. തകര്‍ന്ന ലോറിയുടെ ക്യാബിന് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് സുനില്‍ മരിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ലക്ഷ്മണയെ മംഗ്ളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. സുനിലിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."